തിരുവനന്തപുരം > തോട്ടം തൊഴിലാളികളുടെ പെൻഷൻ പ്രായം 60 വയസായി ഉയർത്തിയതിനെതിരെ തോട്ടം ഉടമകൾ നൽകിയ ഹർജിയിലെ സ്റ്റേ ഒഴിവാക്കുന്നതിനിനുള്ള നടപടികൾ നടന്നുവരികയാണെന്ന് തൊഴിൽവകുപ്പ് മന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. വാഴൂര് സോമന് എംഎൽഎ നൽകിയ ശ്രദ്ധ ക്ഷണിക്കൽ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.
തോട്ടം മേഖലയുടെ സമഗ്ര വികസനത്തിന് തോട്ടം ഉടമകളില് നിന്നും, തൊഴിലാളികളില് നിന്നും, തോട്ടം മേഖലയുമായി ബന്ധപ്പെട്ട മറ്റുള്ളവരില് നിന്നും അഭിപ്രായങ്ങളും നിര്ദ്ദശങ്ങളും സ്വീകരിച്ച് പ്ലാന്റേഷന് പോളിസിക്ക് സര്ക്കാര് രൂപം നൽകിയിട്ടുണ്ട്. ഇതിൽ പ്രായോഗിക പരിജ്ഞാനമുള്ള തൊഴിലാളികളെ നിലനിര്ത്തുന്നതിന് വിരമിക്കല് പ്രായം 58-ല് നിന്നും 60 ആയി ഉയർത്തിയിരുന്നു. എന്നാല് ഈ ഉത്തരവിനെതിരെ അസോസിയേഷന് ഓഫ് പ്ലാന്റേഴ്സ് ഓഫ് കേരള കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങുകയായിരുന്നു. സ്റ്റേ ഒഴിവാക്കുന്നതിനായുളള നടപടികള് നടക്കുകയാണ്.
വിഷയത്തിൽ കേരള ഹൈക്കോടതി മുമ്പാകെ കാര്യവിവരണ പത്രിക നല്കിയിട്ടുണ്ട്. കൂടാതെ പ്ലാന്റേഷന് ലേബര് കമ്മിറ്റിയില് ഈ വിഷയം ചര്ച്ച ചെയ്ത് സമവായത്തിനുള്ള ശ്രമങ്ങളും നടന്നുവരുകയാണെന്നും മന്ത്രി പറഞ്ഞു.















