ചെന്നൈ: കേരളത്തിൽ നിന്നെത്തുന്ന യാത്രക്കാരുടെകോവിഡ് പരിശോധന കർശനമാക്കി തമിഴ്നാട് സർക്കാർ. ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ യാത്രക്കാരുടെ പരിശോധന നടത്തി. ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യത്തിന്റെയും ദേവസ്വം മന്ത്രി ടി.കെ ശേഖർ ബാബുവിന്റെയും നേതൃത്വത്തിലാണ് കേരളത്തിൽ നിന്നെത്തിയവരുടെ പരിശോധന നടത്തിയത്.
കേരളത്തിൽ നിന്നെത്തുന്ന യാത്രക്കാരുടെ കൈയിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ, രണ്ട് ഡോസ് വാക്സിൻ എടുത്ത സർട്ടിഫിക്കറ്റോ ഉണ്ടോയെന്ന് പരിശോധിക്കും. ഈ രണ്ടു രേഖകളും ഇല്ലാത്ത ആളുകളെ ആർ.ടി.പി.സി.ആർ ടെസ്റ്റിന് വിധേയമാക്കും. പരിശോധനാഫലം വന്നതിന് ശേഷം മാത്രമേ ഇവരെ സ്റ്റേഷന് പുറത്തേക്ക് വിടുന്നുള്ളൂ. ഇന്ന് പുലർച്ചെയാണ് മന്ത്രിമാരുടെ നേതൃത്വത്തിൽ കർശന പരിശോധന ആരംഭിച്ചത്.
കേരളത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനം നടക്കുന്നുണ്ടെങ്കിലും തമിഴ്നാട്ടിലും നിയന്ത്രണം അനിവാര്യമാണെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യൻ പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ തമിഴ്നാടിന് ഏറെ മുന്നോട്ട് പോകാൻ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് ദിവസത്തിനിടെ കേരളത്തിൽ നിന്നുളള 227 പേരെയാണ് തമിഴ്നാട് പരിശോധിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് കർശന പരിശോധന ഏർപ്പെടുത്താൻ ഓഗസ്റ്റ് 5-ാം തീയതിയാണ് തമിഴ്നാട് സർക്കാർ തീരുമാനിച്ചത്.
Content Highlights: Covid 19 – Tamil Nadu ministers checking those people coming from kerala at chennai railway station