എന്ത് പറയണമെന്ന് അറിയില്ല. ഇത്തരമൊരു നിമിഷം സംഭവിക്കുമെന്ന് ഒരിക്കലും കരുതിയിട്ടില്ല. അതിനാൽത്തന്നെ വേദനാജനകമാണ്. ബാഴ്സയായിരുന്നു എന്റെ ജീവിതം. ഇതാണ് എന്റെ വീട്. കഴിഞ്ഞവർഷം ചില ബുദ്ധിമുട്ടേറിയ കാര്യങ്ങളുണ്ടായിരുന്നു. പോകാൻ ആഗ്രഹിച്ചുവെന്നതും സത്യം. ഈ വർഷം അങ്ങനെയായിരുന്നില്ല. വീട്ടിൽ തുടരാമെന്ന് ഞാനും കുടുംബവും ഉറപ്പിച്ചതാണ്. പക്ഷേ, ഇപ്പോൾ വിടപറയേണ്ട ഘട്ടം വന്നിരിക്കുന്നു. എല്ലാവർക്കും നന്ദി.
പതിമൂന്നാം വയസ്സിലെത്തി. 21 വർഷം ഈ മണ്ണിൽ. എന്റെ മൂന്ന് കറ്റാലൻ–അർജന്റൈൻ മക്കളുമായി ഞാനും ഭാര്യയും മടങ്ങുന്നു. ഇനി തിരിച്ചുവരില്ലെന്ന് എങ്ങനെപറയും. കാരണം ഇതെന്റെ വീടാണ്. ഒരുനാൾ ഉറപ്പായും തിരികെവരും. കൂട്ടുകാർക്ക്, കൂടെ കളിച്ചവർക്ക്, ക്ലബ്ബിലെ എല്ലാവർക്കും നന്ദി. ഒട്ടേറെ മനോഹര നിമിഷങ്ങളുണ്ടായി. ചില മോശം കാര്യങ്ങളും സംഭവിച്ചു. എന്നെ ഞാനാക്കിയത് ഇതൊക്കെയാണ്.
ബാഴ്സയ്ക്കായി എനിക്ക് കഴിയുന്നതെല്ലാം ഞാൻ ചെയ്തു. ഈയൊരു വിടപറയൽ ഒരിക്കലും ചിന്തിച്ചിട്ടില്ല. നൗകാമ്പിൽ നിറയെ കാണികൾ. അവരുടെ ഹർഷാരവങ്ങൾ, മെസിയെന്നുള്ള വിളികൾ ഇതൊക്കെ എന്റെ സ്വപ്നമായിരുന്നു. പക്ഷേ, മഹാമാരി കാരണം ഒന്നും സംഭവിച്ചില്ല. ആരാധകരില്ലാത്ത ഈ വേദി വേദനാജനകമാണ്. ഒന്നരവർഷമായി ഞാനവരെ കാണുന്നില്ലല്ലോ. ഒരുനാൾ തിരിച്ചുവരാനാകുമെന്ന് പ്രതീക്ഷിക്കുന്നു. ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബാക്കാൻ എന്നെക്കൊണ്ട് കഴിയുന്നതൊക്കെ ചെയ്യും.
ഞാനും ക്ലബ് പ്രസിഡന്റും ഒരുമിച്ചിരുന്ന് സംസാരിച്ചിരുന്നു. എന്റെ ശമ്പളം പകുതിയായി കുറയ്ക്കാൻ സമ്മതിച്ചിരുന്നു. മറ്റൊന്നും ക്ലബ് എന്നോട് ആവശ്യപ്പെട്ടില്ല. 30 ശതമാനം ശമ്പളവർധന വേണമെന്ന് ആവശ്യപ്പെട്ടുവെന്നുള്ള വാർത്തകൾ അസംബന്ധമാണ്. എന്റെ ജീവിതം സുതാര്യമാണ്. ഞാനവിടെ തുടരാൻ ആത്മാർഥമായി ആഗ്രഹിച്ചു. പ്രസിഡന്റ് പറഞ്ഞു. ക്ലബ് കടത്തിലാണെന്ന്, തുടരാൻ പറ്റില്ലെന്ന്.സാധ്യമായതൊക്കെ ചെയ്തു. ലാലിഗ നിയമങ്ങൾ കാരണം ബാഴ്സയ്ക്ക് ഞാനുമായി കരാറാക്കാൻ കഴിയില്ലെന്ന് പറഞ്ഞു. മറ്റെന്തിനെക്കാളും ഞാൻ ഇവിടെ തുടരാൻ ആഗ്രഹിച്ചു. അതാണ് സത്യം.
നൗകാമ്പ്
‘എന്റെ ചോരയോട്ടം നിലച്ചു. മരവിപ്പ്. നീറ്റൽ. ഞാൻ കരഞ്ഞുപോയി’
ഇത്രയും വാക്കുകളിൽ മെസി ബാഴ്സയുമായുള്ള ആത്മബന്ധം കുറിച്ചു. വിടപറയൽ പ്രസംഗത്തിൽ പലയിടത്തും വിങ്ങിപ്പൊട്ടി. കോവിഡ് കാലമാണ്, സാമ്പത്തിക പ്രതിസന്ധിയാണ്, മെസിയുടെ നല്ലകാലം കഴിയുകയാണ്. എങ്കിലും മെസി ഇതിനെക്കാളും മികച്ച വിടവാങ്ങൽ ബാഴ്സയിൽനിന്ന് അർഹിച്ചിരുന്നു. നിറഞ്ഞ കാണികൾക്കുമുന്നിൽ, ആരവങ്ങൾക്ക് നടുവിൽ, നൗകാമ്പിലെ പുൽക്കൊടികളെ തഴുകി, അവസാനമായി പന്ത് വലയിലേക്ക് തട്ടി കെെ വീശി നടന്നുപോകാനാണ് മെസി ആഗ്രഹിച്ചത്. അതുണ്ടായില്ല. ബാഴ്സയ്ക്കും മെസിക്കും അതൊരു വിങ്ങലായി അവശേഷിക്കും. കഴിഞ്ഞവർഷം മേയിലായിരുന്നു മെസിയുടെ കരാർ അവസാനിച്ചത്.
കോപ കഴിഞ്ഞ്, അവധിയാഘോഷത്തിലായിരുന്നു മെസി. കരാർ ചർച്ചകൾ ധാരണയിലെത്തി നിൽക്കുന്ന സമയം. ക്ലബ് പ്രസിഡന്റ് യുവാൻ ലപോർട മെസിയെ നിലനിർത്തുമെന്ന ഉറപ്പുനൽകിയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ആദ്യ വാഗ്ദാനവും അതായിരുന്നു. ആ രീതിയിൽ ചർച്ച മുന്നേറി. 50 ശതമാനം ശമ്പളം കുറച്ച്, അഞ്ച് വർഷം തുടരാൻ മെസി സമ്മതിക്കുകയും ചെയ്തു. അവധിക്കാലം കഴിഞ്ഞ് കരാർ ഒപ്പിടാൻ നിൽക്കുമ്പോഴായിരുന്നു ബാഴ്സയുടെ പ്രസ്താവന എത്തുന്നത്. ‘ലാ ലിഗയുടെ സാമ്പത്തിക നിയമങ്ങൾ കാരണം മെസിയെ നിലനിർത്താനാകില്ല’ 10,000 കോടി രൂപ കടമുണ്ട് ബാഴ്സയ്ക്ക്. പണമില്ലാതെ കളിക്കാരെ രജിസ്റ്റർ ചെയ്യാൻ അനുവാദമില്ല. ക്ലബ്ബിന് മുകളിലല്ല, ഏത് വലിയ കളിക്കാരനുമെന്ന് ലപോർട്ട പറഞ്ഞതോടെ മെസി തകർന്നു. മറ്റ് കളിക്കാരെ വിറ്റ് മെസിയെ നിലനിർത്താൻ ബാഴ്സയ്ക്ക് കഴിയുമായിരുന്നു. എങ്കിലും ഈ അവസ്ഥയിൽ ബാഴ്സ അതിന് മുതിർന്നില്ല. ബാഴ്സയുടെ ഭാവിയും അവർ പരിഗണിച്ചു.
മെസിക്ക് ബാഴ്സയ്ക്ക് വെറുമൊരു ക്ലബ്ബായിരുന്നില്ല. ഒരു നാപ്കിൻ പേപ്പറിൽ കരാർ ഒപ്പിട്ട് തുടങ്ങിയ ജീവിതം. 13–ാം വയസ്സിൽ ലാ മാസിയ അക്കാദമിയിൽ പന്ത് തട്ടി. വീടും ജീവിതവും അതായിരുന്നു. 2007ൽ പത്തൊമ്പതാംവയസ്സിൽ എൽ ക്ലാസികോയിൽ റയൽ മാഡ്രിഡിനെതിരെ ഹാട്രിക് അടിച്ച് വരവറിയിച്ചു. അതേവർഷം കിങ്സ് കപ്പ് ഗെറ്റഫയ്ക്കെതിരെ അഞ്ച് പ്രതിരോധക്കാരെയും ഗോൾ കീപ്പറെയും മറികടന്ന് വലകുലുക്കിയത്, 2009ൽ അലെക്സ് ഫെർഗൂസന്റെ മാഞ്ചസ്റ്റർ യുണെെറ്റഡിനെതിരെ ചാമ്പ്യൻസ് ലീഗ് ഫെെനലിൽ ഗോളടിച്ചത്, 2010 അഴ്സണലിനെതിരെ നാല് ഗോൾ തൊടുത്തത്, 2012ൽ 91 ഗോൾ നേടി ചരിത്രംകുറിച്ചത്, 2017ലെ എൽ ക്ലാസികോയിൽ റയലിനെ തകർത്ത് ബാഴ്സയ്ക്കായി 500–ാംഗോൾ കുറിച്ചത്. സാന്റിയാഗോ ബെർണാബ്യൂവിലെ കാണികൾക്കുമുന്നിൽ തന്റെ പത്താംനമ്പർ ജേഴ്സി നീട്ടിയത്, 2019ൽ ആറാം ബാലൺ ഡി ഓറും സ്വന്തമാക്കിയത്, 2020ൽ ബാഴ്സയ്ക്കായി 644–ാംഗോളും തൊടുത്ത്, ഒരു ക്ലബ്ബിനായി ഏറ്റവും കൂടുതൽ ഗോളടിച്ച പെലെയുടെ റെക്കോഡ് മറികടന്നത്. അങ്ങനെ ഒരായിരം മനോഹര ചിത്രങ്ങൾ തുന്നിച്ചേർത്ത് മെസി ബാഴ്സ കുപ്പായം ഊരിവയ്ക്കുന്നു.
പിഎസ്ജി വിളിക്കുന്നു
ലയണൽ മെസി പിഎസ്ജിയിൽ ചേക്കേറുമെന്നുറപ്പായി. രണ്ട് ദിവസത്തിനകം അർജന്റീനക്കാരൻ പാരിസിൽ എത്തി മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാകും. നൗകാമ്പിലെ വാർത്താസമ്മേളനത്തിൽ പിഎസ്ജിയുമായി ബന്ധപ്പെടുത്തിയ വാർത്തകളെക്കുറിച്ച് ആരാഞ്ഞപ്പോൾ നിരസിച്ചില്ല മെസി. മുപ്പത്തിനാലുകാരന്റെ അച്ഛനും ഏജന്റുമായ ഹൊർജെ മെസിയാണ് ചർച്ചകൾക്ക് മുൻകെെ എടുക്കുന്നത്.