കാബൂള്
അഫ്ഗാനിസ്ഥാനില് മൂന്ന് ദിവസത്തിനിടെ നാല് പ്രവിശ്യാ തലസ്ഥാനം പിടിച്ചെടുത്ത് താലിബാന്. വടക്കൻ അഫ്ഗാനിലെ തന്ത്രപ്രധാന കുണ്ടുസ്, സാർ–ഇ–പുൽ പ്രവിശ്യകളുടെ തലസ്ഥാനവും താലിബാന് കീഴടക്കിയതായി അന്താരാഷ്ട്ര മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു.
കുണ്ടുസ് നഗരത്തിലെ പൊലീസ് ആസ്ഥാനവും ജയിലും ഗവർണറുടെ കോമ്പൗണ്ടും പിടിച്ചെടുത്തതായി താലിബാൻ അറിയിച്ചു. നിലവില് സൈനികത്താവളവും വിമാനത്താവളവും മാത്രമാണ് അഫ്ഗാൻ സേനയുടെ നിയന്ത്രണത്തിലുള്ളത്. 2015ലും 16ലും നഗരം താലിബാന് നിയന്ത്രണത്തിലാക്കിയിരുന്നു. കഴിഞ്ഞ ദിവസം തെക്കന് പ്രവിശ്യ നിംറസിന്റെ തലസ്ഥാനമായ സാരഞ്ജും വടക്കന് പ്രവിശ്യ ജോവ്സ്ജാന്റെ തലസ്ഥാനം ഷെബർഘാനും താലിബാന് പിടിച്ചെടുത്തിരുന്നു. ഹെല്മണ്ട് പ്രവിശ്യയുടെ തലസ്ഥാനമായ ലഷ്കര് ഘാ ഏറെക്കുറെ താലിബാന് നിയന്ത്രണത്തിലാണ്.
ശനിയാഴ്ച വൈകിട്ട് ഷെബർഘാനിലെ താലിബാൻ കേന്ദ്രങ്ങളിൽ യുഎസ് സഹായത്തോടെ അഫ്ഗാൻ സേന വ്യോമാക്രമണം നടത്തി. ഇരുനൂറിലധികം ഭീകരര് കൊല്ലപ്പെട്ടു. ലഷ്കര് ഘായിലും സൈന്യവും താലിബാനും തമ്മിലുള്ള പോരാട്ടം ശക്തമാണ്. സൈന്യം നടത്തിയ വ്യോമാക്രമണത്തില് ലഷ്കര് ഘായിലെ ആശുപത്രിയും സ്കൂളും ഉള്പ്പെടെയുള്ള കെട്ടിടങ്ങള്ക്ക് നാശമുണ്ടായി. നിരവധി പേര് കൊല്ലപ്പെട്ടു. മേഖലയില് വ്യോമാക്രമണത്തിൽ 54 താലിബാന്കാര് കൊല്ലപ്പെട്ടതായി അഫ്ഗാന് പ്രതിരോധമന്ത്രാലയം പറയുന്നു. പലയിടത്തും ജനങ്ങള്ക്ക് പുറത്തിറങ്ങാനാകാത്ത സ്ഥിതിയാണ്.
അതിനിടെ, അഫ്ഗാന് വിഷയം ചര്ച്ച ചെയ്യാൻ ഇന്ത്യയുടെ അധ്യക്ഷതയില് യുഎന് രക്ഷാസമിതി യോഗം ചേര്ന്നു. സ്ഥിതി വളരെ ആശങ്കാജനകമാണെന്നും അടിയന്തരമായി ഇരു വിഭാഗവും സമാധാനകരാറിലെത്തണമെന്നും യുഎന് ആവശ്യപ്പെട്ടു.
ഖേദമറിയിച്ച് പാകിസ്ഥാൻ
ഇന്ത്യ നയിക്കുന്ന യുഎൻ രക്ഷാസമിതി അഫ്ഗാൻ വിഷയം ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിൽ ക്ഷണിക്കാത്തതിൽ ഖേദമറിയിച്ച് പാകിസ്ഥാൻ. തങ്ങൾക്കെതിരായ തെറ്റായ പ്രചാരണത്തിന് യുഎൻ വേദിയെ ദുരുപയോഗം ചെയ്തെന്ന് പാക് വിദേശമന്ത്രാലയം പ്രസ്താവനയിൽ കുറ്റപ്പെടുത്തി. സംഘർഷം രൂക്ഷമായ അഫ്ഗാന്റെ ഏറ്റവും അടുത്ത അയൽരാജ്യമായിട്ടും തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താൻ അവസരം നൽകിയില്ല. പാകിസ്ഥാൻ താലിബാന് സുരക്ഷിത താമസവും ഗതാഗതസൗകര്യവും ഒരുക്കുന്നതായി വെള്ളിയാഴ്ചത്തെ യോഗത്തിൽ അഫ്ഗാൻ പ്രതിനിധി ആരോപിച്ചിരുന്നു.