തൃശൂർ: ഒളിമ്പിക് മെഡൽ ജേതാവ് ഹോക്കി താരം ശ്രീജേഷിനെ പിണറായി സർക്കാർ അപമാനിക്കുന്നുവെന്ന് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണൻ. മറ്റ് സംസ്ഥാനങ്ങൾ അവാർഡ് പ്രഖ്യാപിച്ചിട്ടും മുഖ്യമന്ത്രി അവാർഡ് പ്രഖ്യാപിക്കാത്തത് പിണറായി സർക്കാരിന്റെ മതരാഷ്ട്രീയം കൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു.
ജുനൈദ് ഫോബിയ പിണറായിയെ പിടികൂടിയിട്ടുണ്ടൊ എന്ന് സംശയമുണ്ട്. ഇസ്രായേലിൽ മരണപ്പെട്ട ഇടുക്കിയിലെ സൗമ്യയുടെ ഭൗതീക ശരീരത്തോട് മുഖ്യമന്ത്രി മുൻപ് അനാദരവ് കാട്ടി ഫെയ്സ്ബുക് പോസ്റ്റ് പിൻവലിച്ച അതേ മതരാഷ്ട്രീയ സമ്മർദ്ദം കാരണമാണോ ശ്രീജേഷിന് അവാർഡ് പ്രഖ്യാപിക്കാൻ വൈകുന്നത് എന്ന സംശയമുണ്ടെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. പിണറായിയുടെ മത രാഷ്ട്രീയ തിമിരം ബാധിച്ച കണ്ണുകൾക്ക് ശ്രീജേഷിന്റെ നേട്ടങ്ങൾ കാണാൻ കഴിയുന്നില്ലന്നത് അപമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
5 കോടി രൂപ ശ്രീജേഷിന് പാരിതോഷികം നൽകണം. സർക്കാർ അവാർഡ് പ്രഖ്യാപിച്ചില്ലങ്കിൽ ജനങ്ങളെ സഹകരിപ്പിച്ച്ജനകീയ അവാർഡ് പ്രഖ്യാപനം സംഘടിപ്പിക്കുമെന്ന് ബി. ഗോപാലകൃഷ്ണൻ പറഞ്ഞു. പ്രധാനമന്ത്രി ചെയ്ത പോലെ ശ്രീജേഷിനെ നേരിട്ട് വിളിച്ച് അഭിനന്ദിക്കാൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തയ്യാറാകാത്തത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Kerala government is insulting sreejesh says bjp leader b gopalakrishnan