മയ്യഴി > ഓണക്കിറ്റും റേഷനരിയും കേരളജനത കൈനീട്ടി വാങ്ങുമ്പോൾ എല്ലാം നോക്കിനിൽക്കാൻ വിധിക്കപ്പെട്ട ഒരു ജനതയുണ്ട് ഇവിടെ. മുഖ്യമന്ത്രി പിണറായി വിജയനും എൽഡിഎഫ് സർക്കാറും കോവിഡ് കാലത്ത് കേരളത്തിന് നൽകുന്ന കരുതലും സഹായവും കൺകുളിർക്കെ കാണുകയാണ് മയ്യഴിക്കാരും. മലയാളികളാണെങ്കിലും ഇവിടുത്തുകാർക്ക് സഹായമെത്തിക്കാൻ പുതുച്ചേരി സർക്കാർ ഒരുനടപടിയുമെടുക്കുന്നില്ല.
എല്ലാം കേന്ദ്രം നൽകുന്നതാണെന്ന് പറയുന്ന ബിജെപിക്ക് ഭരണപങ്കാളിത്തമുള്ള പുതുച്ചേരി സംസ്ഥാനത്ത് ജനങ്ങൾക്ക് റേഷനരിപോലുമില്ല. കോവിഡിൽ ദുരിതമനുഭവിക്കുന്നവർക്കും സഹായമില്ല. ഭരണം മാറിയിട്ടും കൊൺഗ്രസ് തുടർന്ന അതേനയമാണിപ്പോഴും. ഒന്നിനും ഒരു മാറ്റവുമില്ല. റേഷനരിയെങ്കിലും കിട്ടിയിരുന്നെങ്കിലെന്ന ജനങ്ങളുടെ വിലാപം പുതുച്ചേരി സർക്കാർ കേൾക്കുന്നില്ല.
എല്ലാം പഴയപടി
ഭക്ഷ്യസുരക്ഷാനിയമം പാസാക്കിയെങ്കിലും അതിന്റെ പ്രയോജനം ഇവിടെയില്ല. അരിക്ക് പകരം പണം പദ്ധതി വന്നു. അതും കൃത്യമായി നടപ്പായില്ല. എൻആർ കോൺഗ്രസ്–-ബിജെപി സർക്കാർ വന്നിട്ടും എല്ലാം പഴയപടിതന്നെ. കോൺഗ്രസ് ചെയ്ത ഏറ്റവും വലിയ ചതിയായിരുന്നു ബിപിഎൽ കാർഡ് അനുവദിച്ചതിലെ വിവേചനം.
പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ യാനത്ത് ആകെ കാർഡിൽ 71.5 ശതമാനവും കാരയ്ക്കലിൽ 48.7 ശതമാനവും പുതുച്ചേരിയിൽ 52.3 ശതമാനവും ബിപിഎൽ കാർഡാണ്. മാഹിയിലാവട്ടെ ഇത് 2.60 ശതമാനം. അതായത് കേവലം 208 കുടുംബങ്ങൾക്ക് മാത്രമേ ബിപിഎൽ കാർഡുള്ളൂ.
ബിപിഎൽ കുടുംബങ്ങളുടെ എണ്ണംകുറച്ചുകാട്ടിയതിന്റെ ഫലമാണിപ്പോൾ ജനം അനുഭവിക്കുന്നത്. അർഹതപ്പെട്ട മുഴുവൻ കുടുംബങ്ങൾക്കും ബിപിഎൽ കാർഡ് അനുവദിക്കുക, ഒപ്പം കേരളമാതൃകയിൽ റേഷനും ഭക്ഷ്യക്കിറ്റും അനുവദിക്കുക. ഇതാണിപ്പോൾ മാഹിയിൽ ഉയരുന്ന ആവശ്യം.