കോഴിക്കോട്: മുസ്ലിം ലീഗിലെ പ്രശ്നങ്ങളുമായിബന്ധപ്പെട്ട് പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ താൻ രംഗത്തെത്തിയെന്ന പ്രചാരണങ്ങളിൽ വിശദീകരണവുമായി കെ.എം.ഷാജി. ലീഗിൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമ്പോൾ അലോസരപ്പെടുന്നവർ ആ ജോലി തുടരുക. ഇന്നത്തെ എന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ദുർവ്യാഖ്യാനം ചെയ്യുന്നത് അത്തരക്കാരാണെന്നും ഷാജി പറഞ്ഞു.
പാണക്കാട് കുടുംബവും കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കളും കാണിച്ച ഉന്നത ജനാധിപത്യ മൂല്യങ്ങളുടെ ഫലമാണ് ഇന്നലെ മുസ്ലിം ലീഗെടുത്ത തീരുമാനങ്ങൾ. അഭിപ്രായങ്ങളോ അഭിപ്രായ വ്യത്യാസങ്ങളോ ഉണ്ടെങ്കിൽ പറയേണ്ടത് പറയേണ്ടത് പോലെ പറയാൻ വേണ്ടുവോളം ഇടമുള്ള പാർട്ടിയാണ് ലീഗ്.
അതു പറയാൻ ഇന്നുവരെ മടി കാണിച്ചിട്ടുമില്ല. അതിന് ആരുടെയും ഉപദേശവും ആവശ്യമില്ലെന്നും ഷാജി ഫെയ്സ്ബുക്കിൽ തന്നെ വ്യക്തമാക്കി.
ഞങ്ങളൊക്കെ ലീഗിനെ നെഞ്ചേറ്റിയവരാണ്. ലാഭനഷ്ടങ്ങളുടെ തരാതരം നോക്കി പ്രസ്ഥാനത്തെ വഴിയിലുപേക്ഷിച്ചു പോയവരുടെ കൂട്ടത്തിൽ ഞങ്ങൾ ഉണ്ടാവില്ല.. ഇവിടെയുണ്ടാവും തോളോട് തോൾ ചേർന്ന് ഒത്തൊരുമിച്ച് ഒരു മനവും ഒരുമെയ്യുമായെന്നും ഷാജി കൂട്ടിച്ചേർത്തു.