ഷോളയൂർ: അട്ടപ്പാടിയിൽ പോലീസ് അതിക്രമം. ഊരുമൂപ്പനെയും മകനെയും പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പിടികൂടിയതായി പരാതി. ഷോളയൂർ വട്ടലക്കി ഊരുമൂപ്പനായ ചൊറിയമൂപ്പനെയും മകൻ മുരുകനെയുമാണ് പോലീസ് പിടികൂടിയത്. കുടുംബവഴക്കുമായി ബന്ധപ്പെട്ട പരാതിയിലാണ് പോലീസ് നടപടി. മരുകന്റെ 17 വയസ്സുളള മകനേയും പോലീസ് മർദിച്ചു.
കുറച്ചുദിവസം മുമ്പ്മുരുകനും കുടുംബവും ചേർന്ന് മറ്റൊരു ആദിവാസി കുടുംബത്തിന് നേരെ ആക്രമണം നടത്തിയതായി പരാതി ഉണ്ടായിരുന്നു. സംഭവത്തിൽ മുരുകനും പരാതി നൽകിയിരുന്നു.
പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മുരുകനെയും മുരുകന്റെ പിതാവിനെയും അറസ്റ്റ് ചെയ്യുന്നതിനായി പോലീസ് ശ്രമിച്ചു. ഇത് സ്ത്രീകളുൾപ്പടെയുളളവർ തടഞ്ഞു. മുരുകന്റെ 17 വയസ്സുളള മകന്റെ മുഖത്ത് പോലീസ് അടിച്ചതായും പരാതിയുണ്ട്.
പോലീസ് സ്റ്റേഷനിൽ വിളിപ്പിച്ച് പറഞ്ഞുതീർക്കാവുന്ന ഒരു കേസിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മുരുകനെയും മൂപ്പനേയും പിടിച്ചുകൊണ്ടുപോയതിനെതിരേ ആദിവാസി സംഘടനകൾ പ്രതിഷേധിച്ചു. ഷോളയൂർ പോലീസ് സ്റ്റേഷൻ ഉപരോധിച്ച ഇവർ പിന്നീട് അട്ടപ്പാടി എഎസ്പി ഓഫീസിന് മുന്നിലേക്ക് സമരം മാറ്റി.
കൃത്യനിർവഹണം നടത്തുന്നതിൽ തടസ്സം നിന്നതിനാലാണ് സംഘർഷമുണ്ടായതെന്ന് പോലീസ് പറയുന്നു. മരുകൻ പോലീസിനെ കബളിപ്പിക്കാൻ ശ്രമിച്ചതായും മുരുകന്റെയും കുടുംബത്തിന്റെയും ആക്രമണത്തിൽ മറ്റൊരു ആദിവാസിക്ക് തലയിൽ വലിയ പരിക്കേറ്റിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.