അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെ ഒഴുക്കാണ് പാർട്ടിയിൽ നിന്നുണ്ടാകുന്നതെന്ന് കെ എം ഷാജി പറഞ്ഞു. “എളുപ്പത്തിന്റെയും കാഠിന്യത്തിന്റെയും സമ്മേളനമാണ് രാഷ്ട്രീയം. വിമർശനങ്ങളും വിയോജിപ്പുകളും ജനാധിപത്യം സക്രിയമാവുന്നതിൻ്റെ ഭാഗമാണ്. മുസ്ലിം ലീഗിൽ സംഭവിച്ചു കൊണ്ടിരിക്കുന്നതും അത് തന്നെയാണ്. ഇരുമ്പു മറകളിൽ അടച്ചിട്ട നിശ്വാസങ്ങളല്ല ഈ പാർട്ടിയിൽ നിന്ന് പുറത്ത് വരുന്നത്. ഇവിടെ എതിരഭിപ്രായക്കാരനോട് പകയില്ല. സംഘ ശക്തിയിലെ ഗുണകാംക്ഷകൾ മാത്രം. എതിരഭിപ്രായം പറയുന്നവർ ശാരീരികമായോ ധാർമ്മികമായോ കൊല്ലപ്പെടുന്ന രാഷ്ട്രീയ പരിസരത്ത് നിൽക്കുന്നവർക്ക് ഈ ഒഴുക്ക് മനസിലാവില്ല” – എന്നും കെ എം ഷാജി പറഞ്ഞു.
മുതിർന്ന നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ പരസ്യ വിമർശനം നടത്തിയ മുഈൻ അലിക്കെതിരെ നടപടി വേണ്ടെന്ന് ലീഗ് തീരുമാനിച്ചിരുന്നു. മുഈൻ അലി തങ്ങളെ പിന്തുണച്ച് പാണക്കാട് കുടുംബവും കെഎം ഷാജിയും എംകെ മുനീറും രംഗത്തെത്തിയതോടെയാണ് നടപടികളിൽ നിന്ന് ലീഗ് നേതൃത്വം പിന്മാറിയത്.
മറ്റ് നടപടികൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് പാർട്ടി അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി ആലോചിച്ച് തീരുമാനിക്കാൻ മുസ്ലിം ലീഗ് ഉന്നതാധികാര സമിതി തീരുമാനിക്കുകയും ചെയ്തു. മുഈൻ അലി വാർത്താസമ്മേളനത്തിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ ഉന്നയിച്ച ആക്ഷേപങ്ങളും ആരോപണങ്ങളും ലീഗ് നേതൃത്വം തള്ളിക്കളഞ്ഞു. മുൻപ് കുഞ്ഞാലിക്കുട്ടിയെ വിമർശിച്ച് രംഗത്തെത്തിയ നേതാക്കളിൽ പ്രമുഖരായിരുന്നു കെഎം ഷാജിയും മുഈൻ അലി തങ്ങളും.