കൊച്ചി > ഡെന്റൽ വിദ്യാർഥിനി മാനസയെ വെടിവച്ചുകൊന്ന് ജീവനൊടുക്കിയ രഖിലിന് തോക്ക് വിറ്റയാൾ ഉൾപ്പെടെ രണ്ടുപേരെ ബിഹാറിൽനിന്ന് അറസ്റ്റ് ചെയ്തു. തോക്ക് നൽകിയ ബിഹാർ മുൻഗർ പർസന്തോ സ്വദേശി സോനുകുമാർ (24), ഇടനിലക്കാരനായ ഊബർ ടാക്സി ഡ്രൈവർ ബർസാദ് സ്വദേശി മനീഷ്കുമാർ വർമ (24) എന്നിവരാണ് പിടിയിലായത്. ഇവരെ ഞായറാഴ്ച കേരളത്തിലെത്തിക്കും. സോനുകുമാറിനെ മുൻഗറിൽനിന്നും മനീഷ്കുമാറിനെ പട്നയിൽനിന്നുമാണ് ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷകസംഘം സാഹസികമായി പിടികൂടിയത്.
കള്ളത്തോക്ക് നിർമിക്കുന്ന ആയുധവ്യാപാരസംഘത്തിന്റെ ഏജന്റാണ് മനീഷ്കുമാർ വർമ. ഇയാളാണ് ടാക്സിയിൽ രഖിലിനെ സോനുകുമാറിന്റെ അടുത്ത് എത്തിച്ചത്. 35,000 രൂപയ്ക്ക് തോക്ക് വാങ്ങി. ഉപയോഗിക്കാനുള്ള പരിശീലനവും നൽകിയെന്നാണ് വിവരം. രഖിലിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ ആദിത്യനിൽനിന്നാണ് സോനുകുമാറിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ഇവർ ബംഗളൂരുവിൽ നടത്തിയ ഇന്റീരിയർ ഡിസൈനർ സ്ഥാപനത്തിൽ സോനുകുമാർ ജോലി ചെയ്തിട്ടുണ്ട്.
ബിഹാർ പൊലീസിനൊപ്പം രണ്ടുദിവസത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ വെള്ളിയാഴ്ച പിടിയിലായത്. അറസ്റ്റിനിടെ സോനുകുമാറിന്റെ സംഘം എതിർത്തെങ്കിലും മുൻഗർ എസ്പിയുടെ സ്ക്വാഡ് ഒപ്പമുണ്ടായിരുന്നത് കേരള പൊലീസിന് തുണയായി. പ്രതികളെ മുൻഗർ കോടതിയിൽ ഹാജരാക്കി. എസ്ഐമാരായ മാഹിൻ സലിം, വി കെ ബെന്നി, സിപിഒ എം കെ ഷിയാസ്, ഹോംഗാർഡ് സാജു എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.