തൃശൂർ > മുസ്ലിം ലീഗിന്റെ പോഷക സംഘടനാ നേതാവിന്റെ കെണിയിൽ കുരുങ്ങി തന്റെ ജീവിതം തകർന്നതായി പ്രവാസിയുടെ ഫേസ്ബുക് കുറിപ്പ്. കെഎംസിസി ഉപഭാരവാഹിയുടെ വിലാപം സമൂഹ മാധ്യമങ്ങളിൽ വെെറലായി. ദോഹ ഖത്തർ കെഎംസിസി പ്രസിഡന്റ് എസ് എ എം ബഷീർ ജോയിന്റ് സെക്രട്ടറിയായിരുന്ന ഇഖ്ബാൽ ചേറ്റുവയോട് വിശ്വാസ വഞ്ചന കാണിച്ചെന്നാണ് ആരോപണം.
കാൽനൂറ്റാണ്ടായി ഖത്തറിലാണ് ഇഖ്ബാലിന് ജോലി. ബിസിനസ് ഇടപാടുകൾക്കെന്ന് പറഞ്ഞ് ഇഖ്ബാലിൽ നിന്ന് ബഷീർ ബ്ലാങ്ക് ചെക്കുകൾ ഒപ്പിടുവിച്ച് വാങ്ങിയെന്ന് ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
താൻ നൽകിയ ബ്ലാങ്ക് ചെക്കുകൾ ബാങ്കിലെത്തിയപ്പോഴാണ് ചതി അറിയുന്നത്. 84,000റിയാലും 70,000റിയാലിന്റെയും ചെക്കുകളാണ് ബാങ്കിൽ എത്തിയത്. ലക്ഷക്കണക്കിന് റിയാലിന്റെ ചെക്കുകളും വന്നതോടെ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു. യാത്രാ വിലക്ക് വന്നു. അഞ്ചു വർഷമായി നാട്ടിലെത്താൻ കഴിയാതെ കഷ്ടപ്പെടുകയാണ്.90 വയസ്സായ മാതാവിനെ കാണാൻ പോലും നാട്ടിൽ പോകാൻ കഴിയുന്നില്ലെന്ന് ഇഖ്ബാൽ ഫേസ്ബുക്കിൽ കുറിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിൽ വലിയ സ്വാധീനമുള്ളയാളാണ് ബഷീർ. ലീഗ് നേതാക്കളെയെല്ലാം പലവട്ടം വിളിച്ച് പരാതി പറഞ്ഞു. ആരും ചെവികൊണ്ടില്ല.
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹെെദരലി ശിഹാബ് തങ്ങളെ ഇഖ്ബാലിന്റെ ഭാര്യ പാണക്കാട്ടെത്തി കണ്ട് പരാതി പറഞ്ഞിരുന്നു.സഹായിക്കാം എന്ന് മറുപടി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. ഇപ്പോഴും ദോഹ ഖത്തർ കെഎംസിസി യുടെ പ്രസിഡന്റായി തുടരുകയാണ് ബഷീർ.