തിരുവനന്തപുരം
കോവിഡ് നിയന്ത്രണങ്ങൾ നടപ്പാക്കുന്നത് ജനങ്ങളുടെ ജീവൻ രക്ഷിക്കാനാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ജനങ്ങളുടെ ജീവനോപാധികൾ നിശ്ചലമാകാതിരിക്കാനാണ് ഇളവുകൾ നൽകുന്നത്. രണ്ടാം തരംഗത്തിന്റെ ഭീഷണി ഒഴിഞ്ഞിട്ടില്ല. ജാഗ്രത പാലിക്കാതിരുന്നാൽ മൂന്നാം തരംഗം പെട്ടന്നാകും. നിയന്ത്രണമില്ലാതെ തുറന്നുകൊടുത്താൽ നാം കൊടുക്കേണ്ട വില ജനങ്ങളുടെ ജീവനാണ്. അത് വേണോയെന്ന് പ്രതിപക്ഷം ചിന്തിക്കണമെന്നും കെ ബാബുവിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മന്ത്രി മറുപടി നൽകി.
ഒന്നാം തരംഗവേളയിൽ ചെക്പോസ്റ്റുകളിൽ യുഡിഎഫ് നേതാക്കൾ കൂട്ടംകൂടി പ്രതിഷേധിച്ചത് മറക്കാനാകില്ല. അന്ന് പലർക്കും രോഗം ബാധിച്ചു. ജീവനും ജീവനോപാധിയും സംരക്ഷിക്കേണ്ട ബാധ്യത സംസ്ഥാന സർക്കാരുകൾക്കാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. അതാണ് സർക്കാർ നിർവഹിക്കുന്നത്. നിഷേധാത്മക നിലപാടിൽനിന്ന് പ്രതിപക്ഷം പിന്തിരിയണം.
നിയന്ത്രണം തുടർന്നില്ലെങ്കിൽ വരുന്ന ആഴ്ചകളിൽ രോഗികൾ നിലവിലുള്ളതിനേക്കാൾ ഇരട്ടിയോ അതിലധികമോ ആകാം. ഓരോരുത്തരും അതീവ ജാഗ്രതപാലിച്ചേ മതിയാകൂ. നിയന്ത്രണങ്ങൾ ലംഘിക്കുമ്പോൾ തടയേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമാണ്. എക്കാലവും ലോക്ഡൗണിലൂടെ കോവിഡിനെ പ്രതിരോധിക്കാൻ കഴിയില്ലെന്ന് സർക്കാരിന് ബോധ്യമുണ്ട്. ഇത് മുന്നിൽക്കണ്ടുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. അതിവ്യാപനശേഷിയുള്ള ഡെൽറ്റാ വൈറസ് കേരളത്തിലുണ്ട്. വാക്സിനേഷൻ എല്ലാവരിലും എത്തുംമുമ്പ് മൂന്നാം തരംഗമുണ്ടായാൽ ആശുപത്രിയിലെ തിരക്കും മരണനിരക്കും ഉയരുമെന്ന് മന്ത്രി ഓർമിപ്പിച്ചു. രോഗം ബാധിക്കാത്ത 57 ശതമാനം പേർക്കും കടയിൽ പോകണമെങ്കിൽ പരിശോധനാഫലം കാണിക്കേണ്ടിവരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. മറുപടിയിൽ തൃപ്തരാകാതെ പ്രതിപക്ഷം സഭ വിട്ടു.















