മലപ്പുറം
പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈൻ അലി തങ്ങളുടെ വെളിപ്പെടുത്തലിനെ തുടർന്നുണ്ടായ പ്രതിസന്ധി ചർച്ച ചെയ്യാൻ മുസ്ലിം ലീഗ് നേതൃയോഗം ശനിയാഴ്ച ചേരും. മലപ്പുറം ലീഗ് ഹൗസിലാണ് യോഗം. നില പരുങ്ങലിലാണെന്ന് മനസ്സിലാക്കിയ അഖിലേന്ത്യ ജനറൽ സെക്രട്ടറികൂടിയായ കുഞ്ഞാലിക്കുട്ടി നിയമസഭാ സമ്മേളനം പാതിവഴി ഉപേക്ഷിച്ച് വ്യാഴാഴ്ച അർധരാത്രി മലപ്പുറത്ത് മടങ്ങിയെത്തി.
മുഈൻ അലിയെ അനുകൂലിക്കുന്നവർ കൂടുന്നതാണ് കുഞ്ഞാലിക്കുട്ടിയെ തളർത്തുന്നത്. പ്രതിരോധ നീക്കത്തിന്റെ ഭാഗമായി വിശ്വസ്തരായ നേതാക്കളുമായി അനൗപചാരിക ചർച്ചയും നടത്തി. തുടർന്നാണ് നേതൃയോഗം ചേരാൻ ധാരണയായത്. ലീഗ് ഹൗസിലെ വാർത്താസമ്മേളനം സംഘടനാ വിരുദ്ധമാണെന്ന അഭിപ്രായമാണ് കുഞ്ഞാലിക്കുട്ടി അനുകൂലികൾക്കുള്ളത്. മുഈൻ അലിയുടെ വിമർശം കടുത്തുപോയെന്ന വികാരം കുഞ്ഞാലിക്കുട്ടി മുതിർന്ന നേതാക്കളുമായി പങ്കുവച്ചിട്ടുണ്ട്. ‘തങ്ങളുടെ ശാസന മറികടന്നുള്ള അഭിപ്രായപ്രകടനമാണ് മുഈൻ അലിയുടെ’തെന്ന സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുമതലയുള്ള പി എം എ സലാമിന്റെ വാക്കുകളിൽ ഇത് വ്യക്തം.
മുഈൻ അലിയെ അസഭ്യം പറഞ്ഞ്, വാർത്താസമ്മേളനം അലങ്കോലപ്പെടുത്തിയ ഗുണ്ടാനേതാവിനെ സംരക്ഷിക്കുന്നതിൽ പാണക്കാട് കുടുംബത്തിന് അമർഷമുണ്ട്. കുടുംബത്തെ തണുപ്പിക്കാനുള്ള നീക്കവും കുഞ്ഞാലിക്കുട്ടി പക്ഷം നടത്തുന്നുണ്ട്. വെള്ളിയാഴ്ച കുഞ്ഞാലിക്കുട്ടി, ഉന്നതാധികാര സമിതി അംഗം പി എം സാദിഖലി തങ്ങളെ കാണുമെന്ന സൂചനകളുണ്ടായിരുന്നെങ്കിലും നടന്നില്ല. ഇരുവരും ഫോണിൽ സംസാരിച്ചു. ‘‘പാണക്കാട് കുടുംബത്തിലെ ആരും സ്ഥലത്തില്ല. എല്ലാവരുമായി കൂടിയാലോചിച്ചശേഷം പ്രതികരിക്കാം’’ –-സാദിഖലി പറഞ്ഞൊഴിഞ്ഞു. മാധ്യമപ്രവർത്തകർ കുഞ്ഞാലിക്കുട്ടിയെ കാണാൻ ശ്രമിച്ചെങ്കിലും പ്രതികരണത്തിന് തയ്യാറായില്ല.
റാഫി ശിങ്കിടി
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ മുഈൻ അലി തങ്ങളെ പാർടി സംസ്ഥാന കമ്മിറ്റി ഓഫീസിൽ പരസ്യമായി തെറിവിളിച്ച റാഫി പുതിയകടവ് മുസ്ലിം ലീഗിന്റെ ക്രിമിനൽ സംഘത്തിലെ പ്രധാനി. പി കെ കുഞ്ഞാലിക്കുട്ടിയുടെ അടുപ്പക്കാരനാണ്. ഐസ് ക്രീം പാർലർ പെൺവാണിഭം പുറത്തുവന്ന സമയത്തും കുഞ്ഞാലിക്കുട്ടിക്കായി അക്രമം അഴിച്ചുവിട്ടിരുന്നു.
2004ൽ ഇന്ത്യാവിഷൻ ചാനലും മാധ്യമ പ്രവർത്തകരെയും ആക്രമിച്ച കേസിലും പ്രതിയായിരുന്നു. ഭരണസ്വാധീനമുപയോഗിച്ച് ലീഗ് നേതൃത്വം രക്ഷിച്ചു. കോഴിക്കോട്ടെ ലീഗ് ഹൗസിലെ പതിവുകാരനുമാണ്. യൂത്ത് ലീഗ് ദേശീയ നേതാവ് കൂടിയായ മുഈൻ അലി തങ്ങളെ മാധ്യമപ്രവർത്തകരുടെ മുന്നിലിട്ട് തെറി പറഞ്ഞിട്ടും നേതൃത്വം റാഫിക്കെതിരെ നടപടിയെടുക്കാത്തത് നേതാക്കളുടെ വിശ്വസ്തനായതിനാലാണ്. പാർടി അംഗമല്ലാത്തതിനാൽ നടപടി സാധ്യമല്ലെന്നാണ് ഔദ്യോഗിക വിശദീകരണം. പ്രമുഖ നേതാക്കളടക്കം ഇക്കാര്യം വിശ്വാസത്തിലെടുക്കുന്നില്ല. റാഫിയും കുഞ്ഞാലിക്കുട്ടിയും ഒന്നിച്ചുള്ള ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച് ഒരു വിഭാഗം അതൃപ്തി പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ മുഈൻ അലിയെ തെറി പറഞ്ഞതിൽ തെറ്റില്ലെന്ന നിലപാട് റാഫി വെള്ളിയാഴ്ചയും ആവർത്തിച്ചു.
ഭീഷണിയിലും നിലപാട് മാറ്റാതെ
ഭീഷണിക്കും സമ്മർദത്തിനും വഴങ്ങാതെ നിലപാടിൽ ഉറച്ച് മുഈൻ അലി തങ്ങൾ. വാർത്താസമ്മേളനത്തിനിടെ തെറിവിളിയും ഭീഷണിയുമുണ്ടായത് ഉലച്ചിട്ടുണ്ടെങ്കിലും പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ പറഞ്ഞത് മാറ്റില്ലെന്ന നിലപാടിലാണ്. സാദിഖലി തങ്ങളടക്കം പാണക്കാട് കുടുംബത്തിലുള്ളവരെ ഇടപെടുവിച്ചാണ് സമ്മർദം. പാർടി നേരിടുന്ന തകർച്ചക്കും, ഉപ്പ ഹൈദരലി ശിഹാബ് തങ്ങൾ രോഗിയായതിനും കാരണം കുഞ്ഞാലിക്കുട്ടിയാണെന്ന അഭിപ്രായം ഉപേക്ഷിച്ചിട്ടില്ല. വിദേശത്ത് നിന്നടക്കം ഫോണിലൂടെ ഭീഷണിയുടെ പ്രവാഹമാണ്. വധഭീഷണിയുമുണ്ട്. ഇതേക്കുറിച്ചൊന്നും തൽക്കാലം പരസ്യ പ്രതികരണത്തിനില്ലെന്ന് പറഞ്ഞ് മാധ്യമങ്ങളിൽ നിന്നൊഴിഞ്ഞു നിൽക്കുകയാണ് മുഈൻ അലി.
മുഈൻ അലിക്ക്
ചന്ദ്രികയുടെ ചുമതല ; രേഖ പുറത്ത്
മുഈൻ അലി തങ്ങളെ ലീഗിന്റെ മുഖപത്രമായ ചന്ദ്രികയുടെ ചുമതല ഏൽപ്പിച്ചുവെന്ന സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളുടെ കത്ത് പുറത്ത്. ചന്ദ്രികയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുഈൻ അലിയെ ചുമതലപ്പെടുത്തിയുള്ള കത്ത് മാർച്ച് അഞ്ചിനാണ് നൽകിയിട്ടുള്ളത്. ചന്ദ്രിക വിഷയത്തിൽ ഇടപെട്ടത് തെറ്റെന്ന് ചൂണ്ടിക്കാട്ടി മുഈൻ അലിക്കെതിരെ അച്ചടക്ക നടപടിക്ക് ഒരുങ്ങുന്ന കുഞ്ഞാലിക്കുട്ടി വിഭാഗത്തിന് തിരിച്ചടിയാണിത്. വെള്ളിയാഴ്ച ചാനലുകളും കത്തിന്റെ പകർപ്പ് പുറത്തുവിട്ടു.















