കൊച്ചി> വിവാഹ നിയമങ്ങളില് പൊളിച്ചെഴുത്തു വേണമെന്ന് ഹൈക്കോടതി. വിവാഹത്തിനും വിവാഹമോചനത്തിനുമായി മതേതരമായ പൊതു നിയമം വേണമെന്നും ഇത് കാലഘട്ടത്തിന്റെ ആവശ്യമാണന്നും ഹൈക്കോടതി വ്യക്തമാക്കി. സമുദായ നിയമങ്ങള്ക്കനുസരിച്ചുള്ള വിവാഹമാകാമെങ്കിലും എല്ലാ വിവാഹങ്ങളും നിയമ വിധേയമാക്കണമെന്നും കോടതി നിര്ദേശിച്ചു.
സ്ത്രീധന പീഡനവും ലൈംഗീക പീഡനവും ചൂണ്ടിക്കാട്ടി കുടുംബ കോടതി അനുവദിച്ച വിവാഹമോചന ഹര്ജികള്ക്കെതിരായ ഭര്ത്താക്കന്മാരുടെ അപ്പീലുകള് തള്ളിക്കൊണ്ടാണ് ജസ്റ്റീസുമാരായ എ മുഹമ്മദ് മുഷ്താഖും കൗസര് എടപ്പഗത്തും അടങ്ങുന്ന ഡിവിഷന് ബഞ്ചിന്റെ ഉത്തരവ്.
ഭാര്യയുടെ ആഗ്രഹവും അനുമതിയുമില്ലാതെയുള്ള ലൈംഗീക ബന്ധം ബലാല്സംഗമാണന്നും വിവാഹമോചനത്തിന് മതിയായ കാരണമാണന്നും കോടതി വ്യക്തമാക്കി. നിര്ബന്ധിത ലൈംഗീക ബന്ധം ഭാര്യയോടുള്ള ക്രൂരതയാണന്നും വിവാഹമോചനം മൂലം സ്ത്രീയുടെ ജീവിതം കൂടുതല് ദുസ്സമാവുമെന്നും കോടതി ഉത്തരവില് ചുണ്ടിക്കാട്ടി.
ഭര്ത്താവിന്റെ സമ്പത്തിനോടുള്ള ആര്ത്തിയും ലൈംഗീകാഭിനിവേശവും സ്ത്രീയുടെ ജീവിതം ദുരിത പൂര്ണമാക്കും. നിരാശരായ അവര് വിവാഹ മോചനത്തിനുവേണ്ടി പണവും ആഭരണവും ഉപേക്ഷിക്കാന് തയ്യാറാവും. വിവാഹ മോചനത്തിനായുള്ള സ്ത്രീകളടെ അപേക്ഷകള് കാലങ്ങളായ് നീതിപീഠങ്ങള്ക്ക് മുന്നില് കെട്ടിക്കിടക്കുകയാണ്. സമൂഹത്തില് ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും സ്ത്രീയുടെ കണ്ണീര് കാണാനുള്ള ബാധ്യത
കോടതിക്കുണ്ടെന്നും ഡിവിഷന് ബഞ്ച് ചൂണ്ടിക്കാട്ടി.