കേരള സിവിൽ സർവീസ് ചട്ടം എട്ടാം വകുപ്പനുസരിച്ചാണ് നടപടിയെന്ന് മന്ത്രി പറഞ്ഞു. അന്വേഷണത്തിൽ സംശയാതീതമായി കുറ്റം തെളിഞ്ഞതിനാലാണ് നടപടി. സർക്കാർ ജീവനക്കാർ സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യരുതെന്നാണ് ചട്ടമെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. അന്വേഷണത്തിൻ്റെ ഭാഗമായി കിരണിനെ സസ്പെൻഡ് ചെയ്തിരുന്നു.
ഭാര്യയുടെ മരണത്തെ തുടർന്ന് ഭർത്താവിനെ സർക്കാർ സർവീസിൽ നിന്നും പിരിച്ചുവിടുന്ന ആദ്യ സംഭവമാണ് ഈ കേസിൽ സർക്കാർ സ്വീകരിച്ചത്. 1960ലെ കേരള സിവിൽ സർവീസ് റൂൾ പ്രകാരമാണ് നടപടി. കിരണിന് ഇനി സർക്കാർ ജോലി ലഭിക്കില്ല. പ്രൊബേഷനിലായിരുന്നതിനാൽ പെൻഷനും അർഹതയുണ്ടാവില്ല. വിസ്‌മയയുടെ മരണത്തിൽ പോലീസ് നടത്തുന്ന അന്വേഷണവും വകുപ്പുതല അന്വേഷണവും രണ്ടും രണ്ടാണ്. പോലീസ് അന്വേഷണ പ്രകാരമല്ല വകുപ്പുതല അന്വേഷണം നടക്കുകയെന്നും മന്ത്രി ആൻ്റണി രാജു പറഞ്ഞു. വിസ്‌മയയുടെ വീട് നാളെ സന്ദർശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ജൂൺ 22നാണ് കിരണിൻ്റെ വീട്ടിൽ ഭാര്യ വിസ്‌മയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധന പീഡനത്തെ തുടർന്നുള്ള കൊലപാതകമാണെന്നായിരുന്നു വിസ്‌മയയുടെ മാതാപിതാക്കളുടെ ആരോപണം. സംഭവത്തിൽ സ്ത്രീധന പീഡനത്തിനും ഗാർഹിക പീഡനത്തിനും പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്. സ്ത്രീധനത്തിൻ്റെ പേരിൽ കിരൺ വിസ്‌മയയെ ക്രൂരമായി മർദ്ദിച്ചിരുന്നുവെന്ന് ബന്ധുക്കൾ വെളിപ്പെടുത്തിയിരുന്നു.