മലപ്പുറം: മുഈനലി ശിഹാബ് തങ്ങളുടെ വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ മുസ്ലിം ലീഗിന്റെ അനൗദ്യോഗിക യോഗം ഇന്ന് മലപ്പുറത്ത്. മുഈനലി തങ്ങൾ പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവന നടത്തിയ പശ്ചാത്തലത്തിലാണ് ഇന്ന് നേതാക്കൾ പരസ്പര വിനിമയം നടത്തുക. പാർട്ടി അച്ചടക്കം ലംഘിച്ച മുഈനലി തങ്ങൾക്കെതിരെ അച്ചടക്ക നടപടി എടുക്കുന്ന കാര്യം ചർച്ചയാകും. നാളെ ലീഗ് നേതൃയോഗവും ചേരുന്നുണ്ട്.
കെ.ടി. ജലീൽ എം.എൽ.എ. നിയമസഭയ്ക്കകത്തും പുറത്തും ഉന്നയിച്ച ആരോപണങ്ങൾ ശരിവെക്കുന്ന തരത്തിലായിരുന്നു മുഈനലിയുടെ ഇന്നലത്തെ പ്രസ്താവന. ഇത് മുസ്ലിം ലീഗ് പാർട്ടിയെയും പ്രത്യേകിച്ച് പി.കെ. കുഞ്ഞാലിക്കുട്ടിയെയും പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പാർട്ടിയിൽ കൂടിയാലോചനകൾ നടന്നുകൊണ്ടിരിക്കുന്നത്.
മുഈനലി പാർട്ടിയെ പ്രതിരോധത്തിലാക്കുന്നത് ഇത് ആദ്യതവണയല്ലെന്നുള്ള ആരോപണമാണ് മുതിർന്ന ചില നേതാക്കളിൽനിന്നുണ്ടാകുന്നത്. അതിനാൽതന്നെ മുഈനലിക്കെതിരെ ഇത്തവണ നടപടി എടുക്കണമെന്ന ആവശ്യവും മുതിർന്ന നേതാക്കളിൽനിന്ന് ഉണ്ടായിട്ടുണ്ടെന്നാണ് സൂചന.
ഇന്നലെ ഈ സംഭവത്തിനു ശേഷം പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് എത്തിയിട്ടുണ്ട്. മറ്റു മുതിർന്ന നേതാക്കളെല്ലാം വിവിധ സ്ഥലങ്ങളിലാണ്. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഇപ്പോൾ ബിഹാറിലാണുള്ളത്. പാർട്ടി ഉന്നതാധികാര സമിതി അംഗങ്ങളായ കെ.പി.എ. മജീദും എം.കെ. മുനീറും തിരുവനന്തപുരത്താണുള്ളത്. എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, അബ്ദു സമദാനി സമദാനി എന്നിവർ ഡൽഹിയിലുമാണുള്ളത്. ഇ.ടി. ഇന്ന് രാവിലെ ഡൽഹിയിൽനിന്ന് തിരിക്കുമെന്ന വിവരമാണ് ലഭിച്ചിട്ടുള്ളത്.
ഔദ്യോഗികമായ നേതൃയോഗമല്ല ഇന്ന് ചേരുന്നത്. വിവാദത്തിന്റെ പശ്ചാത്തലത്തിൽ എന്ത് നടപടികൾ സ്വീകരിക്കണമെന്ന് ഫോണിലും മറ്റുമായി ഉന്നതാധികാ സമിതി അംഗങ്ങൾ ചർച്ച ചെയ്യുമെന്നാണ് വിവരം. പാണക്കാട് കുടുംബത്തിൽനിന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. അതിനാൽ ആരോപണത്തിൽ വ്യക്തത വരുത്തേണ്ട ഉത്തവാദിത്തം പാണക്കാട് കുടുംബാംഗങ്ങൾക്കുണ്ട് എന്ന വികാരമാണ് ഉന്നതാധികാര സമിതിയിലുള്ളത്. അതുകൊണ്ടു തന്നെ ഉച്ചയ്ക്കു ശേഷം കുഞ്ഞാലിക്കുട്ടിയുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ സാദിഖലി ശിഹാബ് തങ്ങൾ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ കോഴിക്കോട്ട് ആശുപത്രിയിൽ ചികിത്സയിലാണ്. അതിനാൽ പാർട്ടി ചുമതലകൾ നിവേറ്റുന്നത് സാദിഖലി ശിഹാബ് തങ്ങളാണ്. സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ നാളെ ഉന്നതാധികാര സമിതി യോഗം ചേരുമെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
നേരത്തെ കത്വ ഫണ്ട് വിവാദം ഉയർന്നപ്പോൾ മുഈനലി തങ്ങൾ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന വിധത്തിൽ പ്രതികരണം നടത്തിയിരുന്നു. മാത്രമല്ല, നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയത്തിൽനിന്ന് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തിയതിനെയും വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ അന്നൊക്കെയും മുഈനലിക്കെതിരെ ഒരു നടപടിയിലേക്ക് പോകേണ്ടതില്ല എന്ന വികാരമായിരുന്നു പാർട്ടിക്കുള്ളിൽ ഉണ്ടായിരുന്നത്. എന്നാൽ ഇത്തവണ മുഈനലിക്കെതിരെനടപടി ആവശ്യമാണെന്ന അഭിപ്രായമാണ് മുതിർന്ന നേതാക്കളുടെ ഭാഗത്തുനിന്ന് ഉയർന്നുവന്നിരിക്കുന്നത്.
content highlights:League to hold unofficial meeting today, likely to discuss action against Moyeen Ali Thangal