തിരുവനന്തപുരം
സംസ്ഥാനത്ത് ആത്മഹത്യ ചെയ്യുന്നവരിൽ കൂടുതൽ പുരുഷന്മാരെന്ന് കണക്ക്. 2021 ജനുവരി മുതൽ ജൂൺവരെ 3022 പുരുഷന്മാർ ജീവനൊടുക്കിയതായാണ് പൊലീസിന്റെ കണക്ക്. ഈ കാലയളവിൽ സ്ത്രീ ആത്മഹത്യ 863 ആണ്. 2159ന്റെ വ്യത്യാസം. ആത്മഹത്യാപ്രവണത സ്ത്രീകളിലാണ് കൂടുതലെങ്കിലും മരണം പുരുഷന്മാരിലാണ്. മരണസാധ്യത കൂടുതലുള്ള വഴികൾ പുരുഷന്മാർ തെരഞ്ഞെടുക്കുന്നതാണ് കാരണം.
2017 ജനുവരിമുതൽ 2021 ജൂൺവരെ 25,700 പുരുഷന്മാർ സംസ്ഥാനത്ത് ജീവനൊടുക്കി. സ്ത്രീകൾ 7463 ആണ്. 18,237ന്റെ വ്യത്യാസം. വൈകാരിക അടിമത്തമുള്ളവരിൽ ആത്മഹത്യാ സാധ്യതയുണ്ടെന്ന് തിരുവനന്തപുരം മെഡിക്കൽ കോജേളിലെ മാനസികാരോഗ്യവിദഗ്ധൻ ഡോ. അരുൺ ബി നായർ പറഞ്ഞു. സ്ത്രീകളിൽ ആത്മഹത്യാപ്രവണത കൂടുതലാണെങ്കിലും അവർ തെരഞ്ഞെടുക്കുന്ന മാർഗങ്ങൾ അപകടസാധ്യത കുറഞ്ഞവയായിരിക്കും.
ശ്രദ്ധ കൊടുക്കാം;
കുട്ടിക്കാലംമുതൽ
കുട്ടികളിലെ സ്വഭാവവ്യത്യാസങ്ങൾ മനസ്സിലാക്കി ചികിത്സ നൽകിയാൽ മുതിർന്നശേഷമുണ്ടാകുന്ന മാനസികപ്രശ്നങ്ങൾ ഒരുപരിധിവരെ തടയാനാകും. എടുത്തുചാട്ടം, വികൃതി, ശ്രദ്ധക്കുറവ് എന്നിവയുള്ള കുട്ടികൾക്ക് അവർ ചെയ്യുന്ന പ്രവൃത്തികളിൽ ശ്രദ്ധ പുലർത്താൻ കഴിയാതെ വരും.
സ്കൂൾ വിദ്യാർഥികളിൽ ഏഴ് ശതമാനം പേരിൽ ഈ അവസ്ഥയുണ്ട്. അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ (എഡിഎച്ച്ഡി) എന്ന രോഗമാണ് ഇത്. ഇത് കണ്ടെത്തി ഭേദപ്പെടുത്താൻ കഴിയും. ആഗ്രഹം സാധിച്ചേ മതിയാകൂ എന്ന് കരുതുന്ന കുട്ടികൾക്കും (കോൺഡക്ട് ഡിസോർഡർ) ചികിത്സ ഉറപ്പാക്കണം. പ്രണയത്തിന്റെ പേരിലുള്ള ആത്മഹത്യയും കൊലപാതകങ്ങളും ഇക്കാരണംകൊണ്ടാണ്. വൈകാരിക അസ്ഥിരതയുള്ളവർക്ക് അത് മറികടക്കാനുള്ള വഴി അച്ഛനമ്മമാർ കാണിച്ചുകൊടുക്കണമെന്നും മനോരോഗ വിദഗ്ധർ പറയുന്നു.