തിരുവനന്തപുരം> പഠനകാലത്ത് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആർത്തവ അവബോധം പ്രധാനമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. വനിതാ വികസന കോർപറേഷന്റെ ആർത്തവ ശുചിത്വ പരിപാലന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആർത്തവം സ്വാഭാവികവും ജൈവികവുമായ ഒരു പ്രക്രിയയാണെന്ന ബോധം ആൺകുട്ടികളിൽ വളരുന്നതിനും അതുവഴി സഹവിദ്യാർഥിനികളോടുള്ള സമീപനം പുരോഗമനപരമായി രൂപംകൊള്ളുന്നതിനും പദ്ധതി സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.
കൗമാരക്കാരായ പെൺകുട്ടികളുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കുക എന്നതാണ് പ്രധാനം. സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർഥിനികളുടെ പഠനവേളയിലെ ആർത്തവകാലം സർക്കാരിന്റെ സംരക്ഷണയിൽ ആരോഗ്യകരവും ശുചിത്വമുള്ളതുമാക്കി മാറ്റി അവരെ ആരോഗ്യവതികളാക്കും.
കൗമാരക്കാരായ പെൺകുട്ടികൾക്ക് സൗജന്യമായി ഗുണനിലവാരമുള്ള സുരക്ഷിതമായ പാഡുകളും അനുബന്ധ ഉപകരണങ്ങളും വിദ്യാലയങ്ങളിൽ ലഭ്യമാക്കി മികച്ച ശുചിത്വ പ്രവണതകൾ പ്രോത്സാഹിപ്പിക്കും. പദ്ധതി പൂർണമായും നടപ്പാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായിരിക്കും കേരളം. പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത രീതിയിൽ ആർത്തവ മാലിന്യം നശിപ്പിക്കാനുള്ള സംവിധാനങ്ങൾ ഉറപ്പാക്കും. മുതിർന്ന ടീച്ചർമാരുടെ, സ്കൂൾ കൗൺസലർമാരുടെ സേവനം പ്രയോജനപ്പെടുത്തി പെൺകുട്ടികളുടെ കൗമാരസംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും സംശയനിവാരണത്തിനും സാഹചര്യം ഒരുക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
എംഎച്ച്എം തീം പ്രകാശനം പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. ആർത്തവ അവബോധം പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒരുപോലെ ഉണ്ടായാൽ മാത്രമേ ലിംഗനീതി ഉറപ്പാകൂവെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു.ചെയർപേഴ്സൺ കെ എസ് സലീഖ അധ്യക്ഷയായി. വനിതാ വികസന കോർപറേഷൻ മാനേജിങ് ഡയറക്ടർ വി സി ബിന്ദു, എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡ് ചെയർമാൻ കെ ബെജി ജോർജ്, വനിതാ വികസന കോർപറേഷൻ പ്രോജക്ട്സ് മാനേജർ എസ് ആശ എന്നിവർ പങ്കെടുത്തു.