തിരുവനന്തപുരം> കേന്ദ്രസർക്കാർ കോർപറേറ്റ് താൽപ്പര്യം ഉയർത്തിപ്പിടിക്കുന്നതാണ് രാജ്യത്തെ കാർഷിക പ്രതിസന്ധിക്ക് കാരണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ പറഞ്ഞു. ചിന്ത പബ്ലിഷേഴ്സിന്റെ ‘ ഇന്ത്യൻ കർഷക സമൂഹം പ്രതിസന്ധികളുടെ അർഥശാസ്ത്രം’ പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരുഭാഗത്ത് വർഗീയ അജണ്ട വേഗം പ്രാവർത്തികമാക്കുന്നു. മറുവശത്ത് സ്വകാര്യവൽക്കരണത്തിന്റെ വേഗത വർധിപ്പിക്കുന്ന നിയമങ്ങളും. ഇതിന്റെ പ്രത്യാഘാതങ്ങൾ ജനജീവിതത്തിലും പ്രതിഫലിക്കുന്നു.
ആഗോളവൽക്കരണം വലിയ കാർഷിക തകർച്ചയിലേക്ക് ഇന്ത്യയെ നയിച്ചു. ദാരിദ്ര്യത്തിന്റെ അളവ്, അതിദരിദ്രരുടെ എണ്ണം, തൊഴിൽരഹിതരുടെ എണ്ണം വർധിച്ചു. കർഷക ആത്മഹത്യയും പട്ടിണി മരണങ്ങളുമാണ് ഈ നയത്തിന്റെ ബാക്കിപത്രം. ഭക്ഷ്യ സ്വയംപര്യാപ്തതയുടെ അടിത്തറ തകർക്കുക എന്നത് ആഗോളവൽക്കരണത്തിന്റെ ഗൂഢാലോചനയായിരുന്നു. ഭക്ഷ്യ സ്വയംപര്യാപ്തത തകർക്കുന്നതിനൊപ്പം ഭക്ഷ്യ കമ്പോള നിയന്ത്രണം ഏറ്റെടുക്കുകയാണ് കോർപറേറ്റുകളുടെ ലക്ഷ്യം. കോർപറേറ്റ് കുറിപ്പടിക്ക് അനുസരിച്ച് നിലപാട് സ്വീകരിക്കുകയാണ് ബിജെപി. മഹാക്ഷാമത്തിലേക്കെന്ന ആപൽസൂചനകളാണ് മോഡി സർക്കാരിന്റെ കാർഷിക നയങ്ങൾ നൽകുന്നത്. ഇതിനെതിരെ അതിശക്തമായ ബഹുജന മുന്നേറ്റമുണ്ടാകണമെന്നും വിജയരാഘവൻ പറഞ്ഞു.
കർഷക സംഘം സംസ്ഥാന പ്രസിഡന്റ് എം വിജയകുമാർ പുസ്തകം ഏറ്റുവാങ്ങി. കെഎസ്കെടിയു സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ, ചിന്ത പബ്ലിഷേഴ്സ് ജനറൽ മാനേജർ കെ ശിവകുമാർ എന്നിവർ സംസാരിച്ചു.