കണ്ണൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ്ഇറക്കി നാട്ടുകാർ. സാമൂഹ മാധ്യമങ്ങളിലൂടെയാണ് പ്രദേശത്തെ നാട്ടുകാരെല്ലാം ചേർന്ന് ലൂക്കൗട്ട് നോട്ടീസിറക്കിയത്. പ്രതികൾക്കായുള്ള പോലീസിന്റെ ലൂക്കൗട്ട് നോട്ടീസ് വൈകുന്നതിൽപ്രതിഷേധിച്ചാണിത്.
ബാങ്ക് തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ട് 15 ദിവസമായി. എന്നാൽ പ്രതികളെക്കുറിച്ചുള്ള യാതൊരു വിവരങ്ങളും ഇതുവരെ ലഭിച്ചിട്ടില്ല. പ്രതികൾ ഒളിവിലാണെന്ന് മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന വിവരം.പ്രതികൾക്കായി ലൂക്കൗട്ട് നോട്ടീസ് ഇറക്കുമെന്ന് നേരത്തെ പോലീസ് പറഞ്ഞിരുന്നു. ഇതിനുള്ള നടപടികൾ ആരംഭിച്ചിട്ട് ദിവസങ്ങളായെങ്കിലും ഇതുവരെ നോട്ടീസ് ഇറക്കിയിരുന്നില്ല.
കേസിൽ പോലീസും രാഷ്ട്രീയക്കാരും ചേർന്ന് ഒത്തുകളിക്കുന്നുവെന്ന ആരോപണങ്ങളും ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് നാട്ടുകാർ ലൂക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്.
ആറ് പ്രതികളുടെയും ഫോട്ടോ ഉൾപ്പെടെയുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയാണ് നാട്ടുകാരുടെ ലൂക്കൗട്ട് നോട്ടീസ്. പ്രതികളെ പിടികൂടാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നോട്ടീസ് പ്രദേശത്തെ വാട്സാപ്പ് ഗ്രൂപ്പുകളിലും ഫെയ്സ്ബുക്ക് പേജുകളിലൂടെയുമാണ് നാട്ടുകാർ പ്രചരിപ്പിക്കുന്നത്.
content highlights:karuvannur bank scam, natives issueed lookout notice