കോഴിക്കോട് > മുസ്ലിം ലീഗിനെതിരെ പുറത്തുവന്ന സാമ്പത്തിക ക്രമക്കേടില് പി കെ കുഞ്ഞാലിക്കുട്ടി എംഎല്എക്കും നേതാക്കള്ക്കുമെതിരെ ആഞ്ഞടിച്ച് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകന്. ലീഗ് മുഖപത്രമായ ചന്ദ്രികയില് കള്ളപ്പണം വെളുപ്പിച്ച കേസില് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈദരലി ശിഹാബ് തങ്ങള്ക്ക് നോട്ടീസ് അയച്ചതിന് കാരണം കുഞ്ഞാലിക്കുട്ടിയാണെന്ന് ഹൈദരലി തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ മുയിന് അലി തങ്ങള് ആരോപിച്ചു. ഹൈദരലി തങ്ങള് അനുഭവിക്കുന്ന മാനസിക വിഷമങ്ങള്ക്ക് കാരണവും കുഞ്ഞാലിക്കുട്ടിയാണ്. പാണക്കാട്ട് കുടുംബത്തില് ഇതുവരെ ഇങ്ങനൊരു അവസ്ഥ ഉണ്ടായിട്ടില്ലെന്നും മുയിന് അലി തങ്ങള് കോഴിക്കോട്ട് വാര്ത്താസമ്മേളനത്തില് പറഞ്ഞു.
പാര്ട്ടി ഫണ്ട് കൈകാര്യം ചെയ്യുന്നത് ട്രഷറര്മാരല്ല. 40 വര്ഷമായി ലീഗിന്റെ മുഴുവന് ഫണ്ടുകളും കൈകാര്യം ചെയ്യുന്നത് കുഞ്ഞാലിക്കുട്ടിയാണ്. ചന്ദ്രികയിലെ എല്ലാ പ്രശ്നങ്ങള്ക്കും കാരണം കുഞ്ഞാലിക്കുട്ടിയും ഇബ്രാഹിംകുഞ്ഞുമാണ്. കുത്തഴിഞ്ഞ അവസ്ഥയാണ് ചന്ദ്രികയില് ഭീമമായ സാമ്പത്തിക ബാധ്യത ഉണ്ടാക്കിയത്. ഹൈദരലി തങ്ങള്ക്ക് സാമ്പത്തിക കാര്യങ്ങളുമായി ബന്ധമില്ലെന്നും തങ്ങള് ഇപ്പോള് അനുഭവിക്കുന്ന എല്ലാ ആരോഗ്യപ്രയാസങ്ങള്ക്കും കാരണം കുഞ്ഞാലിക്കുട്ടിയാണന്നും മുയിന് അലി പറഞ്ഞു.
ലീഗ് കുഞ്ഞാലിക്കുട്ടിയില് മാത്രം കേന്ദ്രീകരിച്ചിരിക്കുകയാണ. പാര്ടിയില് പുനര്വിചിന്തനം വേണം. കുഞ്ഞാലിക്കുട്ടിയെ പേടിച്ച് എല്ലാവരും മിണ്ടാതിരിക്കുകയാണെന്നും മുയിന് അലി തങ്ങള് പറഞ്ഞു. വാര്ത്താസമ്മേളനത്തിനിടെ പ്രതിഷേധവുമായി ലീഗ് പ്രവര്ത്തകരെത്തിയതോടെ വാര്ത്താസമ്മേളനം പൂര്ത്തിയാക്കാനാവതെ മുയിന് അലി മടങ്ങി. ചന്ദ്രികയുടെ അഭിഭാഷകന് അഡ്വ.മുഹമ്മദ് ഷാ വിളിച്ചുചേര്ത്ത വാര്ത്താസമ്മേളനത്തിലാണ് മുയിന് അലിയുടെ തുറന്നുപറച്ചില്.
പാണക്കാട് ഹൈദരലി തങ്ങളെ ചോദ്യം ചെയ്യുവാനായി ഇഡി അയച്ച നോട്ടീസ് പിന്വലിക്കണമെന്ന ഡോ.കെ ടി ജലീലിന്റെ അഭ്യര്ഥനയ്ക്ക് പിന്നാലെയാണ് യൂത്ത് ദേശീയ വൈസ് പ്രിസിഡന്റ് കൂടിയായ മുയിന് അലിയുടെ വിമര്ശനം.