കോഴിക്കോട് > പാലാരിവട്ടം പാലം അഴിമതിപ്പണം ചന്ദ്രിക ദിനപ്പത്രത്തിലെത്തിയതിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്യും. വെള്ളിയാഴ്ച ചോദ്യംചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് തങ്ങൾക്ക് ഇ ഡി നോട്ടീസ് നൽകി. ഇത് രണ്ടാംതവണയാണ് മുസ്ലിം ലീഗിന്റെ പരമോന്നത നേതാവ് ഇ ഡിയുടെ മുമ്പിൽ ഹാജരാകേണ്ടിവരുന്നത്. കഴിഞ്ഞ വർഷം ജൂലൈയിൽ തങ്ങളെ ഇ ഡി
ചോദ്യംചെയ്തിരുന്നു.
മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞടക്കം ഉൾപ്പെട്ട പാലാരിവട്ടം പാലം അഴിമതിയിലൂടെ സമ്പാദിച്ച പണം ലീഗ് മുഖപത്രമായ ചന്ദ്രികയുടെ അക്കൗണ്ടിൽ നിക്ഷേപിച്ച് വെളുപ്പിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. അസുഖബാധിതനായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള തങ്ങൾ സമീപത്തെ വാടകവീട്ടിലാണ് താമസിക്കുന്നത്. കൊച്ചിയിൽനിന്നുള്ള ഇ ഡി ഉദ്യോഗസ്ഥർ ഇവിടെയെത്തിയാണ് നോട്ടീസ് നൽകിയത്.
കേന്ദ്രസർക്കാരിന്റെ നോട്ട് അസാധുവാക്കൽ കാലത്ത് 2016ലാണ് ഡയറക്ടർ ബോർഡ് അംഗമായ പി എ അബ്ദുൾ സമീർ ചന്ദ്രികയുടെ പഞ്ചാബ് നാഷണൽ ബാങ്കിന്റെ മാർക്കറ്റ് റോഡ് ബ്രാഞ്ചിലെ അക്കൗണ്ടിൽ പത്തുകോടി രൂപ നിക്ഷേപിച്ചത്. വി കെ ഇബ്രാഹിംകുഞ്ഞിന്റെ ബിനാമിയായാണ് സമീർ പണം നിക്ഷേപിച്ചതെന്ന് ആക്ഷേപമുണ്ടായിരുന്നു.
ചന്ദ്രിക ദിനപ്പത്രത്തിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഹൈദരലി ശിഹാബ് തങ്ങളറിയാതെ ഇത്ര വലിയ തുക പത്രത്തിന്റെ അക്കൗണ്ടിലെത്തില്ലെന്നാണ് അന്വേഷണസംഘം കരുതുന്നത്. തുകയുടെ ഉറവിടം വ്യക്തമാക്കാൻ സ്ഥാപനത്തിനോ ആരോപണ വിധേയർക്കോ സാധിക്കാത്ത സാഹചര്യത്തിലാണ് തങ്ങളെ ചോദ്യംചെയ്യാനുള്ള തീരുമാനം.