കൊച്ചി > യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥർ പ്രതികളായ ഡോളർ കടത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സ്പീക്കറായിരുന്ന പി ശ്രീരാമകൃഷ്ണനും പങ്കുണ്ടെന്ന ‘കണ്ടെത്തൽ’ വിഴുങ്ങി കസ്റ്റംസ്. കേസിലെ ആറു പ്രതികൾക്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസിലാണ്, മുമ്പ് കൊട്ടിഘോഷിച്ചതെല്ലാം തെളിവില്ലാത്ത ആരോപണങ്ങളായിരുന്നെന്ന കസ്റ്റംസിന്റെ ഏറ്റുപറച്ചിൽ. കഴിഞ്ഞ മാർച്ചിൽ ഹൈക്കോടതിയിൽ സമർപ്പിച്ച വിശദീകരണപത്രികയിലാണ് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ശ്രീരാമകൃഷ്ണനുമെതിരെ കസ്റ്റംസ് ഗുരുതര കുറ്റാരോപണം നടത്തിയത്.
സമാനതകളില്ലാത്ത വേട്ടയാടലിന് വിധേയനായെങ്കിലും കസ്റ്റംസ് ഇപ്പോൾ നോട്ടീസ് നൽകിയവരുടെ കൂട്ടത്തിൽ പി ശ്രീരാമകൃഷ്ണൻ ഇല്ലെന്നതും ശ്രദ്ധേയമാണ്.
ഡോളർ കടത്തുകേസിൽ പ്രതികളായ സ്വപ്ന സുരേഷ്, പി എസ് സരിത്, സന്ദീപ് നായർ, എം ശിവശങ്കർ, കോൺസുലേറ്റ് ഉദ്യോഗസ്ഥനായിരുന്ന ഖാലിദ്, യൂണിടാക് എംഡി സന്തോഷ് ഈപ്പൻ എന്നിവർക്കാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. 2020 നവംബർ 27നും 28നും സ്വപ്ന സുരേഷ് നൽകിയെന്നു പറയുന്ന മൊഴിയിലാണ് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ ആരോപണമുള്ളതെന്ന് കസ്റ്റംസ് നോട്ടീസിൽ പറയുന്നു. കോൺസുൽ ജനറൽ ജമാൽ അൽസാബി, കോൺസുലേറ്റ് നയതന്ത്ര ഉദ്യോഗസ്ഥൻ അഹമ്മദ് അൽ ദൗക്കി എന്നിവർ മുഖേന മുഖ്യമന്ത്രിയും ശ്രീരാമകൃഷ്ണനും ഡോളർ കടത്തി എന്നായിരുന്നു മൊഴി. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തി.
ഉന്നതോദ്യോഗസ്ഥരെ ചോദ്യം ചെയ്തു. എന്നാൽ, ഒരു തെളിവും ലഭിച്ചില്ല. മൊഴിയിൽ പറഞ്ഞ കാര്യങ്ങൾ സംഭവിച്ചത് വർഷങ്ങൾമുമ്പാണെന്നും കോൺസുലേറ്റിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ കഴിഞ്ഞില്ലെന്നുമാണ് ഇതിനുള്ള കസ്റ്റംസിന്റെ ന്യായം. ഒപ്പം, അന്വേഷണം തുടരുകയാണെന്ന പതിവുപ്രസ്താവനയുമുണ്ട്. യൂണിടാക് കരാറിലൂടെ ലഭിച്ച കോഴപ്പണമായ 1.90 ലക്ഷം ഡോളർ കോൺസുലേറ്റ് മുൻഫിനാൻസ് വിഭാഗം തലവൻ ഖാലിദ് അലി ഷൗക്രി മസ്കറ്റിലേക്ക് കടത്തിയെന്ന കേസിന്റെ ചുവടുപിടിച്ചാണ് മുഖ്യമന്ത്രിക്കും സ്പീക്കർക്കും മന്ത്രിമാർക്കുമെതിരെ തെളിവുണ്ടാക്കാൻകസ്റ്റംസ് ശ്രമിച്ചത്.
അതിനായി 2017ൽ മുഖ്യമന്ത്രി നടത്തിയ യുഎഇ സന്ദർശനത്തിന്റെ ഭാഗമായും ഡോളർ കടത്തി എന്ന മൊഴിയാണ് സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്നയിൽനിന്നും സരിത്തിൽനിന്നും കസ്റ്റംസ് ശേഖരിച്ചത്. കസ്റ്റംസ് നിയമം 108 പ്രകാരവും മജിസ്ട്രേട്ടിനുമുന്നിൽ ഹാജരായി സെക്ഷൻ 164 പ്രകാരവുമാണ് സ്വപ്ന മൊഴി നൽകിയത്. പിന്നീട് സരിത്തിൽനിന്ന് മൊഴിയെടുത്തു. തെളിവുകളുടെ അഭാവത്തിലും ഇത് കോടതികളിൽ സമർപ്പിച്ച് കസ്റ്റംസ് വിവാദമുണ്ടാക്കി.
സ്വപ്നയുടെയും സരിത്തിന്റെയും മൊഴികളിലെ വസ്തുതാപരമായ വൈരുധ്യമാണ് കസ്റ്റംസിന് വിനയായത്. സമ്മർദവും ഭീഷണിയും ഉപയോഗിച്ചാണ് മുഖ്യമന്ത്രിക്കെതിരെ പ്രതികളുടെ കുറ്റസമ്മതമൊഴി എടുത്തതെന്ന ആരോപണമുയർന്നിരുന്നു. ശ്രീരാമകൃഷ്ണന് ഗൾഫ് നാടുകളിൽ നിക്ഷേപമുണ്ടെന്നത് ഉൾപ്പെടെ ഗുരുതര ആക്ഷേപങ്ങൾ പൊക്കിപ്പിടിച്ച കസ്റ്റംസിന് അതിനാവശ്യമായ തെളിവുകളൊന്നും കണ്ടെത്താനായില്ല. സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഭാര്യക്ക് യൂണിടാക്കിൽനിന്ന് ഐഫോൺ കിട്ടിയെന്ന ആക്ഷേപവും നേരത്തേ ഉന്നയിച്ചിരുന്നു. അതുസംബന്ധിച്ചും കാരണം കാണിക്കൽ നോട്ടീസിൽ മിണ്ടാട്ടമില്ല.