തിരുവനന്തപുരം > സംസ്ഥാനത്ത് അവയവമാറ്റ പ്രക്രിയ കൂടുതല്‍ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ സ്റ്റേറ്റ് ഓര്‍ഗന്‍ ആന്റ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്ഗനൈസേഷന് (സോട്ടോ) സ്ഥാപിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. അവയവദാനവും അവയവമാറ്റ ശസ്ത്രക്രിയകളും ഒരു സൊസൈറ്റിയുടെ കീഴില്‍ കൊണ്ടുവരികയാണ് ലക്ഷ്യം.
ചികിത്സയുമായി ബന്ധപ്പെട്ട മനുഷ്യ അവയവങ്ങളുടെയും ടിഷ്യുകളുടെയും നീക്കം ചെയ്യല്‍, സംഭരണം, മാറ്റിവയ്ക്കല്‍ എന്നിവ നിയന്ത്രിക്കുന്നതിനും വാണിജ്യ ഇടപാടുകള്‍ തടയുന്നതിനുമായി 2014-ലെ ട്രാന്സ്പ്ലാന്റേഷന് ഓഫ് ഹ്യൂമന്‍ ഓര്‍ഗന്‍സ് ആന്റ് ടിഷ്യൂസ് റൂള്‍സിലെ ചട്ടം 31 പ്രകാരം 1994-ലെ ട്രാന്സ്പ്ലാന്റേഷന് ഓഫ് ഹ്യൂമന്‍ ഓര്‍ഗന്‍സ് ആക്ടിന്റെ കീഴിലാണ് ഇത് സ്ഥാപിക്കുക. തിരുവിതാംകൂര്‍-കൊച്ചി ലിറ്റററി, സയന്റിഫിക് ചാരിറ്റബിള്‍ സൊസൈറ്റീസ് രജിസ്ട്രേഷന് ആക്ട് പ്രകാരം സൊസൈറ്റിയായാണ് ഇത് രജിസ്റ്റര്‍ ചെയ്യുക.
ട്രാന്സ്പ്ലാന്റേഷന് ഓഫ് ഹ്യൂമന്‍ ഓര്‍ഗന്‍സ് ആക്ടിലെ വ്യവസ്ഥകളും നാഷണല്‍ ഓര്‍ഗണ്‍ ട്രാന്സ്പ്ലാന്റേഷന് പ്രോഗ്രാമിലെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിച്ച് കേരള നെറ്റ്വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിങിനെ കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്റ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷനില്‍ ലയിപ്പിക്കും.
മറ്റ് തീരുമാനങ്ങൾ:
തിരുവനന്തപുരം വികസന അതോറിറ്റിയിലെ (ട്രിഡ) വിരമിച്ച ജീവനക്കാര്‍ക്കുകൂടി പത്താം പെന്ഷന് പരിഷ്ക്കരണ ആനുകൂല്യങ്ങള്‍ അനുവദിക്കാന്‍ തീരുമാനിച്ചു.
നിലാവ് പദ്ധതിയിലെ എല്‍ഇഡി പാക്കേജ് ഘടന പരിഷ്ക്കരിക്കും
പരമ്പരാഗത തെരുവ് വിളക്കുകള്‍ക്കു പകരം എല്‍ഇഡി ബള്‍ബുകള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് നടപ്പാക്കുന്ന നിലാവ് പദ്ധതിയിലെ എല്‍ഇഡി പാക്കേജ് ഘടന പരിഷ്ക്കരിക്കും. നിലവില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പാക്കേജുകളോടൊപ്പം സംസ്ഥാന വൈദ്യുതി ബോര്‍ഡ് സമര്‍പ്പിച്ച ശിപാര്‍ശ പ്രകാരമുള്ള ഘടനയില്‍ 100 എല്‍ഇഡി ബള്‍ബുകള്‍ വീതമുള്ള പാക്കേജുകള്‍കൂടി ഉള്‍പ്പെടുത്തും. നിലവിലെ പരമ്പരാഗത ബള്‍ബുകള്‍ മാറ്റി സ്ഥാപിക്കുന്നതോടൊപ്പം പുതുതായി എല്‍ഇഡി തെരുവു വിളക്കുകള്‍ സ്ഥാപിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കാനും തീരുമാനിച്ചു.
പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ബോണസ്
പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് 2020-21 വര്‍ഷത്തെ ബോണസ് നല്കാന് തീരുമാനിച്ചു.
ജോലി നല്‍കും
ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ഹെഡ് കോണ്‍സ്റ്റബിള്‍ ഒ പി സാജുവിന്റെ മകന്, കട്ടപ്പന വെള്ളയാംകുടി സ്വദേശി അജയ് സാജുവിന് ഇടുക്കി ജില്ലയില്‍ ക്ലര്‍ക്ക് തസ്തികയില്‍ ജോലി നല്കാന് തീരുമാനിച്ചു.
വിഷവാതകം ശ്വസിച്ച് മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം
കിണര്‍ നിര്‍മ്മാണത്തിനിടെ വിഷവാതകം ശ്വസിച്ച് മരണപ്പെട്ട കൊല്ലം സ്വദേശികളായ രാജന്, മനോജ്, ശിവപ്രസാദ്, സോമരാജന് എന്നിവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം നല്കാന് തീരുമാനിച്ചു. രാജന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ (ഭാര്യയ്ക്ക് 1 ലക്ഷം രൂപയും, രണ്ടു മക്കള്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും), മനോജിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ (ഭാര്യയ്ക്ക് 1 ലക്ഷം രൂപയും, രണ്ടു മക്കള്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും), ശിവപ്രസാദിന്റെ അമ്മയ്ക്ക് രണ്ടു ലക്ഷം രൂപ, സോമരാജന്റെ കുടുംബത്തിന് നാല് ലക്ഷം രൂപയും (ഭാര്യയ്ക്ക് രണ്ടു ലക്ഷം രൂപയും, രണ്ടു മക്കള്‍ക്ക് ഓരോ ലക്ഷം രൂപ വീതവും) അനുവദിക്കും. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ പേരില്‍ അനുവദിക്കുന്ന തുക ദേശസാല്‍ക്കൃത ബാങ്കില്‍ പതിനെട്ടു വയസ്സുവരെ സ്ഥിരനിക്ഷേപം ചെയ്ത് പലിശ രക്ഷകര്‍ത്താവിന് ലഭ്യമാക്കുവാനുള്ള നടപടികള്‍ക്ക് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.
തസ്തികകള്‍
മട്ടന്നൂര്‍ ഗവണ്മെന്റ് പോളീടെക്നിക്ക് കോളേജില്‍ സിവില്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗങ്ങളില്‍ ആരംഭിക്കുന്ന പുതിയ ബ്രാഞ്ചുകളിലേക്ക് 10 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. സിവില്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗങ്ങളിലായി ഹെഡ് ഓഫ് സെക്ഷന്‍, ഡെമോണ്‍സ്ട്രേറ്റര്‍, ട്രേഡ്സ്മാന്, ലക്ചറര്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍ എന്നിങ്ങനെ ഓരോ തസ്തികകള്‍ വീതമാണ് സൃഷ്ടിക്കുക.
ശമ്പളപരിഷ്ക്കരണം
സര്‍ക്കാര്‍ ഹോമിയോപ്പതി മെഡിക്കല്‍ കോളേജ് അധ്യാപകര്‍ക്ക് ശമ്പളപരിഷ്ക്കരണം അനുവദിക്കാന്‍ തീരുമാനിച്ചു.