തിരുവനന്തപുരം > മന്ത്രി വി ശിവൻകുട്ടിക്കെതിരായ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പരാമർശം ആത്മപ്രശംസ മാത്രമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
മന്ത്രിക്കെതിരെ നടത്തിയ വാക്പ്രയോഗം സുധാകരന് സ്വയം ഇണങ്ങുന്നതാണെന്നും പ്രതീക്ഷിക്കാവുന്ന വാക്കുകൾ തന്നെയാണ് അതൊക്കെയെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി. അത്രത്തോളം നിലവാരം കുറഞ്ഞ രാഷ്ട്രീയ നേതാവാണ് സുധാകരൻ. അതിനാൽ മന്ത്രിക്കെതിരായ വാക്പ്രയോഗങ്ങളിൽ ആശ്ചര്യമില്ല. നാവിന് ലൈസൻസ് ഇല്ലെന്നു കരുതി ആരെയും അധിക്ഷേപിക്കാമെന്ന ധാർഷ്ട്യം അംഗീകരിച്ചു നൽകാനാകില്ല. രാഷ്ട്രീയ വിമർശനങ്ങൾക്കും വിയോജിപ്പുകൾക്കുമപ്പുറം വ്യക്തിപരമായ അധിക്ഷേപങ്ങൾ തള്ളിപ്പറയാൻ ഇനിയെങ്കിലും കോൺഗ്രസിന്റെ മറ്റ് നേതാക്കൾ തയ്യാറാകണം.
കെ സുധാകരന്റെ ഇതുപോലെയുള്ള പ്രസ്താവനകളിൽ കോൺഗ്രസ് നേതൃത്വം നേരത്തെ പുലർത്തിയ മൗനമാണ് അദ്ദേഹത്തിന്റെ ഇത്തരം പ്രവണതകൾക്ക് ശക്തിപകരുന്നതെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.