കൊച്ചി: ഇന്ത്യയുടെ ആദ്യ തദ്ദേശ നിർമിത വിമാനവാഹിനിക്കപ്പൽ ഐ.എൻ.എസ്. വിക്രാന്തിന്റെ പ്രഥമപരീക്ഷണയാത്ര (സീ ട്രയൽ) ആരംഭിച്ചു. ഇന്ന് രാവിലെ 11 മണിയോടെയാണ് വിക്രാന്ത് അറബിക്കടലിൽ ഇറക്കിയത്. ആറു നോട്ടിക്കൽ മൈൽ ദൂരം കടലിൽ പരീക്ഷണയാത്ര നടത്താനാണ് തീരുമാനം. തദ്ദേശമായി രൂപകൽപന ചെയ്യുകയും നിർമിക്കുകയും ചെയ്തിട്ടുള്ളതിൽവെച്ച് ഏറ്റവും വലുതും സങ്കീർണ സംവിധാനങ്ങൾ ഉള്ളതുമായ യുദ്ധക്കപ്പലാണ് വിക്രാന്ത്. 262 മീറ്റർ ഉയരവും 62 മീറ്റർ വീതിയും സൂപ്പർ സ്ട്രക്ചർ ഉൾപ്പെടെ 59 മീറ്റർ ഉയരവുമാണുള്ളത്.അടുത്തവർഷത്തോടെ ഐ.എൻ.എസ്. വിക്രാന്ത് കമ്മീഷൻ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Proud & historic day for India as the reincarnated #Vikrant sails for her maiden sea trials today, in the 50th year of her illustrious predecessor’s key role in victory in the #1971war
Largest & most complex warship ever to be designed & built in India.
Many more will follow… pic.twitter.com/6cYGtAUhBK
— SpokespersonNavy (@indiannavy) August 4, 2021
നിർമാണവേളയിൽ ഐ.എ.സി.-1 എന്ന് പേരിട്ടിരുന്ന ഈ വമ്പൻവിമാനവാഹിക്ക്, ഡീകമ്മീഷൻ ചെയ്ത ഐ.എൻ.എസ്. വിക്രാന്തിന്റെ സ്മരണയിൽ ആ പേരു തന്നെ നൽകുകയായിരുന്നു. 1997-ൽ ഡീ കമ്മീഷൻ ചെയ്ത ഐ.എൻ.എസ്. വിക്രാന്ത് 2017-ലാണ് പൊളിച്ചത്. 1971-ലെ യുദ്ധത്തിൽ ഐ.എൻ.എസ്. വിക്രാന്ത് നിർണായക പങ്കുവഹിച്ചതിന്റെ അൻപതാം വാർഷികത്തിൽ, അതിന്റെ പിൻഗാമി പ്രഥമ പരീക്ഷണ യാത്ര നടത്തുന്നുവെന്നത് രാജ്യത്തിന് അഭിമാനകരവും ചരിത്രപരമായ ദിനവുമാണ്- ഇന്ത്യൻ നാവികസേന ട്വീറ്റ് ചെയ്തു.
ഇന്ത്യൻ നാവികസേനയുടെ ഡയറക്ടറേറ്റ് ഓഫ് നേവൽ ഡിസൈനാണ് വിക്രാന്തിന്റെ രൂപകൽപ്പന നിർവഹിച്ചത്. കൊച്ചിൻ ഷിപ്പ്യാഡ് ലിമിറ്റഡിലാണ് 76 ശതമാനത്തിലധികം നിർമാണം നടന്നത്. സൂപ്പർ സ്ട്രക്ചറിൽ അഞ്ചെണ്ണം ഉൾപ്പെടെ ആകെ 14 ഡെക്കുകളിലായി 2,300 കംപാർട്ട്മെന്റുകളുമാണുള്ളത്. 1700 ഓളം വരുന്ന ക്രൂവിനായി രൂപകൽപ്പന ചെയ്ത കപ്പലിൽ വനിതാ ഓഫീസർമാർക്ക് വേണ്ടി പ്രത്യേക ക്യാബിനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
യന്ത്രസാമഗ്രികൾ, കപ്പൽ നാവിഗേഷൻ, അതിജീവനം (Habitability) എന്നിവയ്ക്കായി വളരെ ഉയർന്ന നിലവാരമുള്ള യന്ത്രവൽകൃത സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കപ്പൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്, ഒരേ സമയം ഹെലികോപ്റ്ററുകളെയും, ഫൈറ്റർ വിമനങ്ങളെയും വഹിക്കാൻ കഴിയുന്ന വിക്രാന്ത് ന് 28 മൈൽ വേഗതയും, 18 മൈൽ ക്രൂയിസിങ് വേഗതയും 7,500 മൈൽ ദൂരം പോകുവാനുള്ള ശേഷിയും ഉണ്ട്.
നവംബർ 20 ന് ബേസിൻ ട്രയൽസിന്റെ ഭാഗമായി കപ്പലിന്റെ പ്രൊപ്പൽഷൻ, പവർ ജനറേഷൻ ഉപകരണങ്ങൾ /സിസ്റ്റങ്ങൾ എന്നിവയുടെ കാര്യക്ഷമത തുറമുഖത്ത് പരീക്ഷിച്ചിരുന്നു. പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ജൂൺ 25-ന് കപ്പൽ സന്ദർശിച്ച് കപ്പലിന്റെ നിർമ്മാണ പുരോഗതി അവലോകനം ചെയ്തു.കന്നി പരീക്ഷണ യാത്രയ്ക്കിടെ, കപ്പലിന്റെ പ്രകടനം, ഹൾ, പ്രധാന പ്രൊപ്പൽഷൻ, പി.ജി.ഡി. (Power Generation and Distribution), സഹായ ഉപകരണങ്ങൾ എന്നിവയുടെ പ്രവർത്തനം സൂക്ഷ്മമായി നിരീക്ഷിക്കും.
വിക്രാന്തിന്റെ നിർമാണം പൂർത്തിയാകുന്നതോടെ തദ്ദേശീയമായി ഒരു വിമാനവാഹിനി കപ്പൽ രൂപകൽപ്പന ചെയ്ത് നിർമിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടംപിടിക്കും. വിക്രാന്തിന്റെ നിർമാണം, ആത്മനിർഭർ ഭാരതിന്റെ സാക്ഷാത്കാരത്തിലേക്കുള്ള ചുവടുവെപ്പു കൂടിയാണ്.
30 വിമാനങ്ങൾ ഒറ്റയടിക്ക് വഹിക്കാം
രാജ്യത്ത് ഇതുവരെ നിർമിച്ചിട്ടുള്ളതിൽ ഏറ്റവും വലിയ കപ്പൽ കൊച്ചിയുടെ തീരത്ത് ഒരുങ്ങുന്നത് ഒട്ടേറെ സവിശേഷതകളോടെയാണ്. 2300 കമ്പാർട്ട്മെന്റുകളുള്ള കപ്പലിൽ ഉപയോഗിച്ചിരിക്കുന്ന കേബിളുകൾ നീട്ടിയിട്ടാൽ അതിനു 2100 കിലോ മീറ്റർ നീളമുണ്ടാകും. 262 മീറ്റർ നീളമുള്ള കപ്പലിന് മണിക്കൂറിൽ 28 നോട്ടിക്കൽ മൈൽ വേഗതയിൽ സഞ്ചരിക്കാനാകും. 1500-ലേറെ നാവികരെയും ഉൾക്കൊള്ളാനാകും.
പൂർണമായും പ്രവർത്തനസജ്ജമാകുന്നതോടെ, ഇരുപത് ഫൈറ്റർ ജെറ്റുകളും 10 ഹെലികോപ്ടറും ഉൾപ്പെടെ മുപ്പത് എയർക്രാഫ്റ്റുകളെ വഹിക്കാൻ ഐ.എൻ.എസ്. വിക്രാന്തിന് സാധിക്കും. മിഗ്-29കെ, നാവിക സേനയുടെ എൽ.സി.എ. എയർക്രാഫ്റ്റ് എന്നിവയ്ക്കുള്ള സൗകര്യവും ഐ.എ.സി.-1നുണ്ടാകും. രണ്ട് റൺവേകളും എസ്.ടി.ഒ.ബി.എ.ആർ.(short take off but arrested recovery) സംവിധാനവും കപ്പലിലുണ്ടാകും.
റഷ്യൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരുങ്ങുന്ന കപ്പലിന്റെ ഇന്റഗ്രേറ്റഡ് പ്ലാറ്റ്ഫോം മാനേജ്മെന്റ് സംവിധാനം (ഐ.പി.എം.എസ്.) ഒരുക്കുന്നത് ബെംഗളൂരു കേന്ദ്രമായ ഭാരത് ഹെവി ഇലക്ട്രിക്കൽ ലിമിറ്റഡാണ്.
അടിയന്തരമായി മൂന്ന് വിമാനവാഹിനിക്കപ്പലുകളുടെ ആവശ്യകതയാണ് ഇന്ത്യൻ നാവികസേനയ്ക്കുള്ളത്. ഈസ്റ്റേൺ നേവൽ കമാൻഡിനും വെസ്റ്റേൺ നേവൽ കമാൻഡിനും ഓരോന്നു വീതവും മറ്റൊന്ന് ഡോക്ക് മെയിന്റനൻസിനും. 2017-ൽ ആ.എൻ.എസ്. വിക്രാന്ത് പൊളിച്ചുനീക്കിയതിനു ചെയ്തതിനു ശേഷം ഐ.എൻ.എസ്. വിക്രമാദിത്യ എന്ന വിമാനവാഹിനി മാത്രമാണ് നാവികസേനയ്ക്കുണ്ടായിരുന്നത്. വിമാനവാഹിനിക്കപ്പലുള്ള ലോകത്തെ ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ലോകമാകെയുള്ള 45 വിമാനവാഹിനിക്കപ്പലുകളിൽ 11 എണ്ണം അമേരിക്കൻ നാവികസേനയുടേതാണ്.
content highlights:ins vikrant begins sea trials