തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പിൽ 80:20 അനുപാദം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിലേക്ക്. ന്യൂനപക്ഷ സ്കോളർഷിപ്പിൽ അനുപാതം നിശ്ചയിക്കുന്നതിനുള്ള അധികാരം സംസ്ഥാന സർക്കാരിനില്ലെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് അപ്പീൽ പോകുന്നത്. ഇതിന് അനുകൂലമായ നിയമോപദേശം ലഭിച്ചുവെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
ന്യൂനപക്ഷ സ്കോളർഷിപ്പ് സംബന്ധിച്ച് വർഗീയമായ ചേരിതിരിവുണ്ടാക്കാൻ ചിലർ ഇപ്പോഴും ശ്രമിക്കുന്നുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹൈക്കോടതി വിധിക്ക് പിന്നാലെയുള്ള സംസ്ഥാന സർക്കാരിന്റെ സ്കോളർഷിപ്പ് വിതരണം സംബന്ധിച്ച് ചില ആശങ്കകളുണ്ടായിരുന്നു. അത്തരത്തിലൊരു ആശങ്കയും വേണ്ടെന്ന് പല തവണ വ്യക്തമാക്കിയിട്ടും എന്തിനാണ് ആശങ്കയെന്ന് മനസ്സിലാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്കോളർഷിപ്പ് വിതരണത്തിൽ ആർക്കും ഒരു രൂപ പോലും കുറയാതെ വിതരണം ചെയ്യുമെന്നും പല തവണ വ്യക്തമാക്കിയിട്ടും ആശങ്ക ഉയർത്തുന്നത് ചില തൽപ്പര കക്ഷികളുടെ താത്പര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വർഗീയമായ ചേരിതിരിവുണ്ടാക്കാൻ ചിലരെങ്കിലും ശ്രമിക്കുന്നതുകൊണ്ടാണ് ഇത്തരം ആശങ്കകൾ ഉയരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെ ന്യൂനപക്ഷ സ്കോളർഷിപ്പ് വിവാദം സംബന്ധിച്ച് യു.ഡി.എഫിൽ രണ്ടഭിപ്രായമുണ്ടായിരുന്നു. വിധിയും സംസ്ഥാനസർക്കാർ തീരുമാനവും കോൺഗ്രസ് ആദ്യം സ്വാഗതംചെയ്തിരുന്നു. പിന്നീട് ലീഗിന്റെ എതിർപ്പ് ശക്തമായതോടെ കക്ഷി നേതാക്കളുടെ യോഗം വിളിക്കുകയും സഭയിൽ ഒറ്റ നിലപാട് മതി എന്ന തീരുമാനത്തിലേക്ക് എത്തുകയുമായിരുന്നു.
Content Highlights: Kerala to approach SC in Minority scolarship issue confirms CM Pinarayi