കണ്ണൂർ/പാലക്കാട്/ കൽപ്പറ്റ
കോവിഡ് പ്രതിരോധത്തിന്റെ പേരിൽ കേരളത്തിൽനിന്നുള്ളവർക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണാടകവും തമിഴ്നാടും. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ അതിർത്തികളിൽ എത്തിയവരെ ചൊവ്വാഴ്ചയും കർണാടക പൊലീസ് തിരിച്ചയച്ചു. പരീക്ഷയ്ക്കെത്തുന്ന വിദ്യാർഥികളെയും രോഗികളെയും വിമാന യാത്രികരെയും മാത്രമാണ് കടത്തിവിട്ടത്.
തിങ്കളാഴ്ച വൈകിട്ട് ട്രെയിനിൽ മംഗളൂരുവിലെത്തി അവിടെ കുടുങ്ങിയ 60 പേരെ ചൊവ്വാഴ്ച പുലർച്ചെയോടെ വിട്ടയച്ചു. ബംഗളൂരു മെജസ്റ്റിക് റെയിൽവേ സ്റ്റേഷനിലെത്തിയ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് മാറ്റി.വയനാട്ടിലെ മുത്തങ്ങ, ബാവലി, കുട്ട ചെക്പോസ്റ്റുകളിലും കർണാടക പരിശോധന കർശനമാക്കി. തമിഴ്നാട് അതിർത്തികളിലും പരിശോധനയുണ്ട്.
വാളയാറിൽ രണ്ടാംദിനവും തമിഴ്നാട് പരിശോധന കടുപ്പിച്ചു. ആർടിപിസിആർ പരിശോധനാ ഫലമോ രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റോ ഉള്ളവരെ മാത്രമേ കടത്തിവിടുന്നുള്ളൂ. തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് മടങ്ങുന്നവർക്കും നിയന്ത്രണങ്ങൾ ബാധകമാണ്. കൈക്കുഞ്ഞുങ്ങളുമായി എത്തിയവരുൾപ്പെടെ മുന്നൂറോളം പേരെ തിരിച്ചയച്ചു. വ്യാഴാഴ്ചമുതൽ പരിശോധന കൂടുതൽ കർശനമാക്കുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു.
നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ അതിർത്തിയിൽ തിരിച്ചയക്കുന്ന നടപടിയിൽ പ്രതിഷേധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച കർണാടകത്തിൽനിന്ന് കേരളത്തിലേക്കുള്ള റോഡ് ഉപരോധിച്ചു.