കാബൂള്
അഫ്ഗാനിസ്ഥാന്റെ കൂടുതല് പ്രദേശങ്ങള് പിടിച്ചെടുത്ത് താലിബാന്. തെക്കന് അഫ്ഗാനിസ്ഥാനിലെ സുപ്രധാന ഹെല്മണ്ട് പ്രവിശ്യയുടെ തലസ്ഥാനമായ ലഷ്കര് ഘായിലെ 10 ജില്ല താലിബാന് പിടിച്ചെടുത്തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇവിടെ താലിബാന് മുന്നേറ്റം തടയുന്നതിന് യുഎസ് പിന്തുണയോടെ അഫ്ഗാന് വ്യോമാക്രമണം നടത്തിയതായും റിപ്പോര്ട്ടുണ്ട്. നഗരത്തില്‍ താലിബാന്–-അഫ്ഗാന് സേനകള് തമ്മിലുള്ള സംഘര്ഷം രൂക്ഷമായതൊടെ പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ് പ്രദേശവാസികള്. തന്ത്രപ്രധാന അതിർത്തി പ്രവിശ്യകളായ താഖർ, കുൻഡുസ്, ബദഖ്സ്ഥാൻ, ഹെരാത്, ഫറാഖ് എന്നിവയും താലിബാന്റെ നിയന്ത്രണത്തിലായി. രാജ്യത്ത് താലിബാന് ആക്രമണം വര്ധിച്ചുവരുന്നതിന് കാരണം യുഎസ്, നാറ്റോ സേനകളുടെ പിന്മാറ്റമാണെന്ന് അഫ്ഗാന് പ്രസിഡന്റ് അഷറഫ് ഗനി പറഞ്ഞു. ഇതിനിടെ അഫ്ഗാനിസ്ഥാൻ ഹാസ്യതാരം ഖാഷാ സ്വാന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം താലിബാന് ഏറ്റെടുത്തു.
നേരത്തേ സംഭവത്തിൽ പങ്കില്ലെന്ന് താലിബാൻ അവകാശപ്പെട്ടിരുന്നു. അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ ഇദ്ദേഹത്തെ പിന്നീട് വെടിയേറ്റനിലയിൽ കണ്ടെത്തുകയായിരുന്നു. ഖാഷാ സ്വാൻ എന്ന നാസർ മുഹമ്മദ് മുമ്പ് പൊലീസ് ഉദ്യോഗസ്ഥനായിരുന്നു. കാറിൽ രണ്ടുപേർക്കിടയിൽ ഇരിക്കുന്ന ഖാഷാ സ്വാനെ മർദിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞയാഴ്ച പുറത്തുവന്നിരുന്നു. മൃതദേഹം കാണിക്കുന്ന മറ്റൊരു വീഡിയോയും പിന്നീട് പുറത്തുവന്നു.
താലിബാന് ആക്രമണം ഭയന്ന് രാജ്യംവിടുന്ന അഫ്ഗാന്‍കാരെ സംരക്ഷിക്കുന്നതിനുള്ള പദ്ധതികള് വിപുലപ്പെടുത്തിയതായി യുഎസ് സര്ക്കാര് അറിയിച്ചു. യുഎസ്, നാറ്റോ സേനകള്ക്കൊപ്പം പ്രവര്ത്തിച്ചവരുള്പ്പെടെ അര്ഹരായ അഫ്ഗാൻകാരെ പ്രത്യേക കുടിയേറ്റ വിസയില് പുനരധിവസിപ്പിക്കുന്നതടക്കമുള്ളതാണ് പദ്ധതികൾ.