തിരുവനന്തപുരം
വ്യവസായ സൗഹൃദാന്തരീക്ഷം അടിസ്ഥാനമാക്കി തദ്ദേശസ്ഥാപനങ്ങൾക്ക് പുരസ്കാരം ഏർപ്പെടുത്തും. സൃഷ്ടിക്കുന്ന തൊഴിലവസരങ്ങൾ, പുതിയ വ്യവസായ സ്ഥാപനങ്ങളുടെ എണ്ണം, വ്യവസായ സ്ഥാപനങ്ങളിൽനിന്നുള്ള തനതു വരുമാനത്തിലെ വർധന എന്നിവ അടിസ്ഥാനമാക്കി പുരസ്കാരം നിർണയിക്കും. സംസ്ഥാനത്തെ പഞ്ചായത്ത് സെക്രട്ടറിമാർ, ഡെപ്യൂട്ടി ഡയറക്ടർമാർ എന്നിവർ പങ്കെടുത്ത യോഗത്തിൽ വ്യവസായമന്ത്രി പി രാജീവും തദ്ദേശമന്ത്രി എം വി ഗോവിന്ദനുമാണ് ഇക്കാര്യം അറിയിച്ചത്.
ഓരോ പഞ്ചായത്തിലും വ്യവസായ പാർക്കുകൾ ആരംഭിക്കാൻ പ്രോത്സാഹനം നൽകും. സ്വകാര്യ വ്യവസായ പാർക്കുകൾ വികസിപ്പിക്കാൻ കഴിഞ്ഞ സർക്കാർ അനുവാദം നൽകിയിരുന്നു. ഈ മാതൃകയിൽ തദ്ദേശസ്ഥാപനങ്ങൾ സ്വകാര്യ വ്യവസായ പാർക്കുകൾ ആരംഭിക്കാൻ മുൻകൈയെടുക്കണം. സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്താനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും തദ്ദേശസ്ഥാപനങ്ങൾ വ്യവസായ സംരംഭകരോട് സൗഹാർദപരമായി ഇടപെടണമെന്നും മന്ത്രിമാർ നിർദേശിച്ചു.
വ്യവസായ സംരംഭങ്ങൾക്ക് സംസ്ഥാനതലത്തിൽ നിലവിലുള്ള ഇളവുകളും ഏകജാലക സൗകര്യങ്ങളും തദ്ദേശസ്ഥാപനങ്ങൾക്ക് പരിചയപ്പെടുത്താൻ കിലയുടെ നേതൃത്വത്തിൽ കൈപ്പുസ്തകം തയ്യാറാക്കും. വ്യവസായ സംരംഭങ്ങൾക്ക് ഏകജാലക സംവിധാനം വഴി അനുമതി നൽകിയാൽ തദ്ദേശസ്ഥാപനങ്ങൾ അവ മാനിക്കാൻ ബാധ്യസ്ഥരാണ്. ഈസ് ഓഫ് ഡൂയിങ് ബിസിനസ് നയത്തിന്റെ ഭാഗമായും നിയമഭേദഗതികളുടെ ഫലമായും ഉണ്ടായ വ്യവസായ സൗഹൃദാന്തരീക്ഷത്തിൽ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമീപനം പഞ്ചായത്തുകൾ സ്വീകരിക്കണമെന്ന് യോഗം നിർദേശിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ ഇളങ്കോവൻ എന്നിവരും പങ്കെടുത്തു.