തിരുവനന്തപുരം
സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധമികവിനെ പുകഴ്ത്തിയും പ്രശംസിച്ചും പ്രമുഖ ദേശീയ മാധ്യമങ്ങൾ. കേരളത്തിൽ വൈറസ് വ്യാപനം അതിതീവ്രമാണെന്നും പ്രതിരോധിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്നും ആക്ഷേപിക്കുന്നവർക്കുള്ള മറുപടിയാണ് വിദഗ്ധരുടെ ലേഖനങ്ങളും വിശകലനങ്ങളുമായി സമീപദിവസങ്ങളിൽ ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ പ്രസിദ്ധീകരിച്ചത്.
ദ ഹിന്ദു, ഹിന്ദുസ്ഥാൻ ടൈംസ്, ടൈംസ് ഓഫ് ഇന്ത്യ എന്നിവയിലും വിവിധ മലയാള പത്രത്തിലുമാണ് കേരളത്തിന്റെ കോവിഡ് പ്രതിരോധത്തെ പ്രശംസിച്ച് ലേഖനങ്ങളും വാർത്തകളും പ്രസിദ്ധീകരിച്ചത്. ഐസിഎംആർ സിറൊ സർവേ ഫലം പുറത്തുവന്നതോടെയാണ് ഇവ വീണ്ടും ചർച്ചയായത്. ‘സിറൊ സർവേയെ ശ്രദ്ധയോടെ വിശകലനം ചെയ്യുന്നു’ (ഫാതമിങ് സിറൊ സർവേ ഡാറ്റ, വിത്ത് കോഷൻ) എന്ന ദ ഹിന്ദുവിലെ – ലേഖനത്തിൽ “കേരള മാതൃക’ എന്ന ഭാഗത്ത് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് പ്രൊഫ. ഗഗൻദീപ് കാങ്, പ്രതിരോധപ്രവർത്തനങ്ങൾ രോഗവ്യാപനത്തെ തടഞ്ഞുവെന്ന് ഉദാഹരണസഹിതം വിശദീകരിക്കുന്നു.
ടൈംസ് ഓഫ് ഇന്ത്യ കേരളത്തിലെ ഉയർന്ന കോവിഡ് പരിശോധനാ നിരക്കിനെയാണ് പ്രശംസിച്ചത്. ഏഴുദിവസത്തെ ശരാശരി പരിശോധന 1-.6 ലക്ഷമാണെന്നും മറ്റ് സംസ്ഥാനങ്ങളിൽ 20,000 മുതൽ 1.2 ലക്ഷംവരെ മാത്രമാണെന്നും പറയുന്നു. രോഗികളിൽ വർധനയുണ്ടെങ്കിലും ആശങ്കാവഹമല്ലെന്നാണ് ഹിന്ദുസ്ഥാൻ ടൈംസിൽ തിങ്കളാഴ്ച പ്രസിദ്ധീകരിച്ചത്. രാജ്യത്ത് ഏറ്റവും കുറവ് കോവിഡ് മരണം കേരളത്തിലാണ്. ഓക്സിജൻ കിട്ടാതെ ആരും മരിച്ചിട്ടില്ല. നൂറിൽ 57 പേർക്കും വാക്സിൻ നൽകി മൂന്നാം സ്ഥാനത്താണ് കേരളം.
സംസ്ഥാനത്ത് കോവിഡ് പ്രതിരോധം പാളിയെന്ന് സ്ഥാപിക്കാൻ കഠിനാധ്വാനം ചെയ്യുന്ന പ്രതിപക്ഷത്തിന്റെ ശബ്ദമായ മനോരമയും അഭിനന്ദിച്ചുള്ള ലേഖനം നൽകി. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലെ വൈറോളജി വിഭാഗം റിട്ട. പ്രൊഫ. ടി എം ജേക്കബ് ജോണിന്റെ ലേഖനത്തിലാണ് (മികച്ച മാർഗം വാക്സിൻ) പ്രതിരോധത്തിൽ കേരളം മുന്നിലെന്നും സിറൊ സർവേയിൽ ആശങ്ക വേണ്ടെന്നും അടിവരയിട്ടത്.
കോവിഡ്: കേരളത്തിന്റെ പ്രതിരോധം മികച്ചതുതന്നെ എന്ന തലക്കെട്ടിൽ ദീപികയിൽ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ഐഎംഎ സംസ്ഥാന റിസർച്ച് സെൽ വൈസ് ചെയർമാൻ ഡോ. രാജീവ് ജയദേവന്റെ ലേഖനവും ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നു.