തിരുവനന്തപുരം: നിയമസഭ കയ്യാങ്കളിക്കേസിൽ വിചാരണ നേരിടുന്ന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആഗസ്റ്റ് 4-ന് യു.ഡി.എഫ്. നിയോജക മണ്ഡലം തലത്തിൽ പ്രതിഷേധ ധർണനടത്തുമെന്ന് യു.ഡി.എഫ്. കൺവീനർ എം.എം. ഹസ്സൻ അറിയിച്ചു.സർക്കാർ ഓഫീസുകൾക്ക് മുന്നിൽ രാവിലെ 10- നായിരിക്കും ധർണ നടത്തുക
തിരുവനന്തപുരം സെൻട്രൽ നിയോജക മണ്ഡലത്തിന്റെ ആഭിമുഖ്യത്തിലുള്ള പ്രതിഷേധ ധർണസെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിപക്ഷനേതാവ് വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ എം.പി. നേമത്തും കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി കഴക്കൂട്ടത്തും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വട്ടിയൂർക്കാവിലും എം. എം. ഹസ്സൻ വിഴിഞ്ഞത്തും പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യും.
യുഡിഎഫ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി എ.എ. അസീസ്, പി. ജെ. ജോസഫ്, സി.പി. ജോൺ ദേവരാജൻ, അനൂപ് ജേക്കബ്, മാണി സി. കാപ്പൻ തുടങ്ങിയവർ വിവിധ ജില്ലകളിലെ പ്രതിഷേധ ധർണയിൽ പങ്കെടുക്കുമെന്നും ഹസൻ അറിയിച്ചു.
Content Highlights:udf will conduct protest for resignation of education minister