തിരുവനന്തപുരം > പെരുമാതുറ മുതലപ്പൊഴിയിൽ ശക്തമായ തിരയിൽ മത്സ്യബന്ധന വള്ളങ്ങൾ കൂട്ടിമുട്ടി 8 പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. മുതലപ്പൊഴിയിൽ നിന്നും മത്സ്യബന്ധനത്തിനായി പോകവെ, അഴിമുഖത്തുണ്ടായ ശക്തമായ തിരമാലയിൽ നിയന്ത്രണം നഷ്ടപ്പെട്ട വള്ളത്തിൽ മറ്റൊരു വള്ളം ഇടിച്ചായിരുന്നു അപകടം.
ഇടിയുടെ ആഘാതത്തിൽ സമീപത്തെ പുലിമുട്ടിൽ ഇടിച്ച് കയറിയ വള്ളം പൂർണ്ണമായി തകർന്നു. പെരുമാതുറ സ്വദേശികളുടെ ഹസ്ബി റബ്ബി എന്ന വള്ളത്തിൽ സെന്റ് ജോസഫ് എന്ന മറ്റൊരു വള്ളം ഇടിക്കുകയായിരുന്നു. 23 പേർ അടങ്ങുന്ന സംഘമാണ് വള്ളത്തിലുണ്ടായിരുന്നത്. ഇവരെ മറ്റ് മത്സ്യ തൊഴിലാളികള്‍ രക്ഷപ്പെടുത്തി.
നിസ്സാമുദ്ദീൻ, സിദ്ധീഖ്, സൈദലി, കബീർ, ഷാക്കിർ, നഹാസ്, സുബൈർ, മുജീബ് എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇവരെ ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് തകർന്ന വള്ളത്തിലുണ്ടായിരുന്ന വല സെന്റ് ജോസഫ് വള്ളത്തിൽ കുരുങ്ങി. തകർന്ന വള്ളവും വലയും കായലിൽ എത്തിച്ചെങ്കിലും കരയ്ക്ക് എത്തിക്കുന്നതിനായുള്ള ശ്രമങ്ങൾ തുടരുകയാണ്