ന്യൂഡൽഹി: ബന്ധു നിയമന വിവാദത്തിലെ ലോകായുക്ത റിപ്പോർട്ടിന് എതിരെ മുൻ മന്ത്രി കെ.ടി ജലീൽ സുപ്രീം കോടതിയെ സമീപിച്ചു. ലോകായുകത സ്വാഭാവിക നീതി നിഷേധിച്ചുവെന്ന് ആരോപിച്ചാണ് ജലീൽ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ലോകായുക്ത റിപ്പോർട്ടും ഹൈക്കോടതി വിധിയും അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ജലീൽ സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.
ബന്ധുവായ കെ.ടി. അദീബിന് ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ ജനറൽ മാനേജർ തസ്തികയിൽ ഡെപ്യൂട്ടേഷനിൽ നിയമനം നൽകിയതിൽ ജലീൽ സ്വജനപക്ഷപാതം കാണിച്ചു എന്നായിരുന്നു ലോകായുക്ത റിപ്പോർട്ട്. എന്നാൽ സ്വജന പക്ഷപാതം നടന്നിട്ടില്ല എന്ന് ജലീൽ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.
പരാതിയിൽ പ്രാഥമിക അന്വേഷണം നടത്താതെയാണ് ലോകായുക്ത റിപ്പോർട്ട് തയ്യാറാക്കിയത്. തന്റെ ഭാഗം ലോകായുക്ത കേട്ടിട്ടില്ല. പരാതിക്കാർ വാക്കാൽ നടത്തിയ വാദത്തിന്റെ അടിസ്ഥാനത്തിൽ ആണ് ലോകായുക്ത റിപ്പോർട്ട് തയ്യാറാക്കിയത് എന്നും ജലീൽ ആരോപിച്ചിട്ടുണ്ട്.
Content Highlights: KT Jaleel approaches SC against Lokayuktha report