തൃശൂർ
നിയമസഭാ തെരഞ്ഞെടുപ്പിൽ ഒമ്പത് ജില്ലകളിൽ ബിജെപിയുടെ കുഴൽപ്പണം ഒഴുകിയതായാണ് അന്വേഷകസംഘത്തിന്റെ കണ്ടെത്തൽ. തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, പത്തനംതിട്ട, ആലപ്പുഴ, കണ്ണൂർ, പാലക്കാട്, കാസർകോട്, എറണാകുളം ജില്ലകളിലേക്കാണ് 41.4 കോടി പണമെത്തിയത്. കൊടകര കുഴൽപ്പണ കവർച്ചക്കേസിലെ പ്രത്യേക അന്വേഷക സംഘത്തിന്റേതാണ് റിപ്പോർട്ട്.
മാർച്ച് അഞ്ചുമുതൽ പണമിറക്കി. 21ന് കണ്ണൂരിൽ ബിജെപി ഓഫീസ് ജീവനക്കാരൻ ശരത്തിന് 1.40 കോടിയും 23ന് ബിജെപി കാസർകോട് മേഖലാ സെക്രട്ടറി സുരേഷിന് ഒന്നരക്കോടിയും കൈമാറി. 22ന് കോഴിക്കോട് ബിജെപി നേതാവ് ഉണ്ണിക്കൃഷ്ണന് ഒരു കോടി നൽകി. 27ന് വീണ്ടും 1.5 കോടികൂടി കൈമാറി. മാർച്ച് 12ന് തൃശൂർ ജില്ലാ ട്രഷറർ സുജ്ജയസേനന് ഒരു കോടി നൽകി. 13ന് അമല ആശുപത്രി പരസരത്തുവച്ച് ഒന്നരക്കോടിയും 14ന് വിയ്യൂരിൽവച്ച് 1.5 കോടിയും കൈമാറി. 22ന് ഒരു കോടിയും 31ന് 1.10 കോടിയും വീണ്ടും നൽകി. ഏപ്രിൽ മൂന്നിന് 6.3 കോടി തൃശൂർ ബിജെപി ഓഫീസിലെത്തിച്ച് സുജ്ജയസേനന് കൈമാറി. അഞ്ചിന് വീണ്ടും രണ്ടുകോടി നൽകി.
29ന് ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീഷിന്റെ നിർദേശപ്രകാരം തിരുവനന്തപുരം തമ്പാനൂരിലെത്തി 1.10 കോടി ഓഫീസ് ജീവനക്കാരൻ ബിനീതിന് കൈമാറി. 31ന് വീണ്ടും 1.10 കോടി നൽകി. മാർച്ച് 18ന് എറണാകുളം മേഖലാ സെക്രട്ടറി പത്മകുമാറിന് ആലപ്പുഴയിലെത്തി 1.1 കോടിയും 23ന് ഒന്നരക്കോടിയും 25ന് വീണ്ടും ഒരു കോടിയും കൈമാറി. 16ന് ആലുവയിലുള്ള ബിജെപി നേതാവ് സോമശേഖരന് 50 ലക്ഷം നൽകി. എട്ടിന് 3.5 കോടി തിരുവനന്തപുരത്തെ ബിജെപി നേതാവായ ദിലീപിനെ ഏൽപ്പിച്ചു. ഏപ്രിൽ മൂന്നിന് ആലപ്പുഴയിലേക്കും പത്തനംതിട്ടയിലേക്കും 1.40 കോടി പത്തനംതിട്ടയിലെ നേതാവ് അനിലിന് കൈമാറിയതായും പണം കടത്തിയ ധർമരാജന്റെ മൊഴിയിലുണ്ട്. ഇത് അടിസ്ഥാനപ്പെടുത്തിയാണ് ചാർട്ടുണ്ടാക്കിയത്.
ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്തയ്ക്ക് കൈമാറാനുള്ള 3.5 കോടിയാണ് കൊടകരയിൽ കവർച്ച ചെയ്യപ്പെട്ടത്. പാലക്കാട്ടേക്ക് കൊണ്ടുവന്ന 4.40 കോടി സേലത്ത് കവർച്ച ചെയ്യപ്പെട്ടതായും റിപ്പോർട്ടിലുണ്ട്.