കൊച്ചി
ബിപിസിഎൽ കൊച്ചി റിഫൈനറി വിൽപ്പനയ്ക്കെതിരെ അഞ്ചിന് റിഫൈനറി സംരക്ഷണ മനുഷ്യകവചം സംഘടിപ്പിക്കും. റിഫൈനറി സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ ജില്ലയിൽ പഞ്ചായത്ത്, മുനിസിപ്പൽ, നഗരസഭാ കേന്ദ്രങ്ങളിലും വ്യവസായകേന്ദ്രങ്ങളിലും തൊഴിലിടങ്ങളിലുമായി 500 ഇടങ്ങളിലാണ് വൈകിട്ട് അഞ്ചിന് മനുഷ്യകവചം സംഘടിപ്പിക്കുന്നത്.
കൊച്ചി റിഫൈനറിയടക്കം ഭാരത് പെട്രോളിയം കോർപറേഷന്റെ 52.98 ശതമാനം കേന്ദ്രസർക്കാർ ഓഹരികൾ വിൽക്കാൻ തീരുമാനിച്ചതോടെ ബിപിസിഎല്ലിന്റെ ഭാവിക്കുമാത്രമല്ല, കൊച്ചി റിഫൈനറി അടിസ്ഥാനമാക്കിയുള്ള കേരളത്തിന്റെ വ്യവസായവികസനത്തിനും വലിയ തിരിച്ചടിയാകുമെന്ന് സമിതി ജനറൽ കൺവീനർ കെ ചന്ദ്രൻപിള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എണ്ണസംസ്കരണ–-വിതരണ മേഖലകളിൽ ഒരു മുൻപരിചയവും ഇല്ലാത്ത മൂന്നു കമ്പനികളാണ് റിഫൈനറി ഏറ്റെടുക്കാൻ താൽപ്പര്യപത്രം നൽകിയത്. കേരളത്തിനാവശ്യമായ പാചകവാതകവും റോഡുനിർമാണത്തിനുള്ള ബിറ്റുമിനും (ടാർ) ഉൽപ്പാദിപ്പിക്കുന്നത് റിഫൈനറിയാണ്. റിഫൈനറി ആസ്ഥാനമായ നിർദിഷ്ട പോളിയോൾ പദ്ധതി, പെട്രോകെമിക്കൽ പാർക്ക് എന്നിവയും ആശങ്കയുടെ നിഴലിലാണ്. 11,130 കോടി രൂപയുടെ പോളിയോൾ പദ്ധതിക്ക് എല്ലാ അനുമതിയും ലഭിച്ചതാണ്. ഫാക്ട് കൊച്ചി ഡിവിഷന്റെ 170 ഏക്കർ ഏറ്റെടുത്ത് ഭൂമിനിരപ്പാക്കൽ തുടങ്ങിയതായിരുന്നെങ്കിലും വിൽപ്പന നീക്കത്തെ തുടർന്ന് സ്തംഭിച്ചു.
പോളിയോൾ പദ്ധതി യാഥാർഥ്യമായില്ലെങ്കിൽ സംസ്ഥാന സർക്കാർ ആരംഭിക്കുന്ന പെട്രോകെമിക്കൽ പാർക്കിന്റെ ഭാവിയും ആശങ്കയിലാകും. ഏറ്റുമാനൂരിൽ തുടങ്ങാൻ തീരുമാനിച്ച നൈപുണ്യ പരിശീലനകേന്ദ്രത്തിന്റെ പ്രവർത്തനവും നിലച്ചു. കൊച്ചി റിഫൈനറിയുടെ എല്ലാ വികസന പദ്ധതികൾക്കും സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുത്തുനൽകുകമാത്രമല്ല, നികുതി ഇളവുകളും നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ബിപിസിഎൽ കൊച്ചി റിഫൈനറി പൊതുമേഖലയിൽ സംരക്ഷിക്കാൻ ജനപങ്കാളിത്തത്തോടെ പ്രക്ഷോഭം ആരംഭിക്കുന്നതെന്നും റിഫൈനറി സംരക്ഷണസമിതി ഭാരവാഹികൾ പറഞ്ഞു. സമിതി ഭാരവാഹികളായ കെ എൻ ഗോപി, ടി ബി മിനി, എം ജി അജി, കെ ടി വിമലൻ, ഹംസക്കോയ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.