തിരുവനന്തപുരം > സംസ്ഥാനത്തെ ഒരു ജില്ലയിലും ഹയര്സെക്കന്ഡറി പ്രവേശനത്തിന് സീറ്റുകളുടെ അപര്യാപ്തത നിലനില്ക്കുന്നില്ലെന്ന് പൊതുവിദ്യാഭ്യാസ- തൊഴില് വകുപ്പ് മന്ത്രി വി ശിവന്കുട്ടി നിയമസഭയില് അറിയിച്ചു. മാര്ജിനല് സീറ്റ് വര്ധന ഏര്പ്പെടുത്താതെ തന്നെ സംസ്ഥാനത്തെ ഹയര്സെക്കന്ഡറി ഒന്നാം വര്ഷ പ്രവേശനം സാധ്യമാകുന്നതിനായി 2015 മുതല് 2020 വരെയുള്ള ഹയര് സെക്കന്ഡറി ഒന്നാം വര്ഷം പ്രവേശനം നേടിയവരുടെ എണ്ണത്തെ അടിസ്ഥാനപ്പെടുത്തി വിശകലനം നടത്തുകയുണ്ടായി. പ്രവേശന നടപടികള് അവസാനിച്ചു കഴിയുമ്പോള് സീറ്റുകള് ഒഴിഞ്ഞു കിടക്കുന്ന സാഹചര്യമാണ് എല്ലാ ജില്ലകളിലും ഉള്ളത്. 20% മാര്ജിനല് സീറ്റ് വര്ധനയിലൂടെ ലഭ്യമാകുന്ന അധിക സീറ്റുകള് 61,230 ആണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കോവിഡ് പശ്ചാത്തലത്തില് 2020 – 21 അധ്യയനവര്ഷം സ്കൂളുകള് തുറന്നു പ്രവര്ത്തിക്കാന് കഴിഞ്ഞിരുന്നില്ല. എന്നിരുന്നാലും പൊതുപരീക്ഷകള് നടത്തേണ്ടതിനാല് 10,12 ക്ലാസുകളിലെ കുട്ടികള്ക്ക് ഡിജിറ്റല് ക്ലാസുകളുടെ തുടര്പഠനത്തിനും റിവിഷനും സംശയനിവാരണത്തിനുമായി രക്ഷകര്ത്താക്കളുടെ സമ്മതത്തോടെ 2021 ജനുവരി ഒന്നുമുതല് സ്കൂളിലെത്തുന്നതിന് അനുമതി നല്കിയിരുന്നു. കുട്ടികള് സ്കൂളില് എത്തുകയും പഠന പ്രവര്ത്തനങ്ങളില് പങ്കെടുക്കുകയും അധ്യാപക-വിദ്യാര്ഥി ആശയവിനിമയം സാധ്യമാകുകയും ചെയ്തിട്ടുണ്ട് എന്നും മന്ത്രി അറിയിച്ചു.