കോട്ടയം: ഇന്ത്യൻ സാമ്പത്തിക പരിഷ്കാരങ്ങളുടെ മുപ്പതാം വർഷികത്തോടനുബന്ധിച്ച് സെയ്ന്റ്ഗിറ്റ്സ് കോളേജ് ഓഫ് അപ്ലൈഡ് സയൻസിന്റെ ആഭിമുഖ്യത്തിൽ സാമ്പത്തിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ദേശീയ വെബിനാർ പരമ്പരയും പ്രസംഗ മത്സരവും സംഘടിപ്പിക്കുന്നു.
മുൻ കേന്ദ്രമന്ത്രി ജയറാം രമേശ് എം.പി, സാമ്പത്തിക ശാസ്ത്രജ്ഞനും പ്ലാനിങ് കമ്മീഷൻ മുൻ ഉപാധ്യക്ഷനുമായിരുന്ന ഡോ. മോൺടേക് സിംഗ് അലുവാലിയ, മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്, ഐ. ബി. എസ്. ചെയർമാൻ വി. കെ. മാത്യൂസ്, സൗത്ത് ഇന്ത്യൻ ബാങ്ക് എം. ഡി. മുരളി രാമകൃഷ്ണൻ, ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ ഡയറക്ടർ ഡോ. കെ. ജെ. ജോസഫ് എന്നിവർ പങ്കെടുക്കും. ഓഗസ്റ്റ് 7-ന് വെബിനാർ ആരംഭിക്കും.
സെയ്ന്റ്ഗിറ്റ്സ് കോളേജിലെ കോർപറേറ്റ് ഇക്കണോമിക്സ് വിഭാഗവും കോളേജ് ഐ. ക്യു. എ. സിയും സംയുക്തമായി സംഘടിപ്പിക്കുന്ന വെബിനാർ പരമ്പരയുടെ ഭാഗമായി അഖിലേന്ത്യാ തലങ്ങളിൽ കോളേജ് വിദ്യാർത്ഥികൾക്കുള്ള മത്സരങ്ങൾ ഓരോ ദിവസവും നടത്തും. വിജയികൾക്ക് ദിവസവും 10000 രൂപ സമ്മാനവും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 8589095052 എന്ന നമ്പരിൽ ബന്ധപ്പെടുക.
സാമ്പത്തിക പരിഷ്കാരങ്ങൾക്ക് ശേഷം ഇന്ത്യ കൈവരിച്ച നേട്ടങ്ങളും കോട്ടങ്ങളും വിവിധ തലങ്ങളിൽ വിലയിരുത്തുവാനും മനസ്സിലാക്കുവാനും വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുകയാണ് സെയ്ന്റ്ഗിറ്റ്സ് കോളേജ് കോർപ്പറേറ്റ് ഇക്കണോമിക്സ് വിഭാഗം വിഭാവനം ചെയ്ത ഈ വെബിനാർ പരമ്പരയുടെ ലക്ഷ്യമെന്ന് പ്രിൻസിപ്പാൾ ഡോ. കെ.കെ. ജോൺ പറഞ്ഞു.
Content highlights: st gits college conducts webinar and speech competition