തിരുവനന്തപുരം > സംസ്ഥാനത്തിന്റെ വികസന ചരിത്രത്തിന് പുതുമുഖം സമ്മാനിച്ച ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ ഒരു വർഷം നീളുന്ന രജതജൂബിലി ആഘോഷം 17ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. തിരുവനന്തപുരത്ത് വൈകിട്ട് 4.30നാകും ഉദ്ഘാടനമെന്ന് മന്ത്രി എം വി ഗോവിന്ദൻ അറിയിച്ചു.
മുൻ മുഖ്യമന്ത്രിമാരും മുൻ തദ്ദേശമന്ത്രിമാരും രാഷ്ട്രീയ നേതാക്കളും ആസൂത്രണബോർഡ് അംഗങ്ങളും കലാ-സാഹിത്യ- സാംസ്കാരിക- മാധ്യമ മേഖലകളിലെ പ്രമുഖരും പങ്കെടുക്കും. പ്രാദേശികതലങ്ങളിലും ഉദ്ഘാടന പരിപാടികൾസംഘടിപ്പിക്കും. ഓരോ പ്രദേശത്തെയും സാധ്യതകൾമനസ്സിലാക്കി ഓൺലൈനിലോ അല്ലാതെയോ ആയിരിക്കും ആഘോഷങ്ങളെന്ന് മന്ത്രി വ്യക്തമാക്കി.
1996ൽ സംഘടിപ്പിച്ച ജനാധികാര കലാജാഥയിലെ “അധികാരം ജനതയ്ക്ക്’ എന്ന സംഗീതശിൽപ്പം ഉദ്ഘാടനവേദിയിൽ പുനരാവിഷ്കരിക്കും. സംസ്ഥാനതല ഉദ്ഘാടനം എല്ലാ തദ്ദേശ സ്ഥാപനവും പ്രത്യേകവേദികളിൽ ഓൺലൈനായി പ്രദർശിപ്പിക്കും. ജനകീയാസൂത്രണകാലംമുതലുള്ള അധ്യക്ഷരെയും ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും പങ്കെടുപ്പിക്കുകയും ആദരിക്കുകയും ചെയ്യും. ഗ്രാമ, വാർഡ് സഭകളിൽനിന്നും പ്രമുഖരെ തദ്ദേശസ്ഥാപനങ്ങൾ ക്ഷണിക്കണം. പ്രാദേശിക ആഘോഷം ഉച്ചയ്ക്കുശേഷം ആരംഭിച്ച് 4.30 ഓടെ അവസാനിപ്പിക്കും. അതത് തദ്ദേശസ്ഥാപനം ഏഴിനകം ആലോചനാ യോഗങ്ങൾ ചേരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.