തിരുവനന്തപുരം
കേരള ഹരിത ഊർജ മിഷൻ രൂപീകരിക്കാൻ സംസ്ഥാന സർക്കാർ. ആദ്യഘട്ടത്തിൽ അഞ്ച് വർഷത്തിനകം 3000 മെഗാവാട്ട് ഹരിതോർജം ഉൽപ്പാദിപ്പിക്കുകയാണ് ലക്ഷ്യം. ഊർജ വകുപ്പ് നേതൃത്വത്തിൽ മിഷൻ രൂപീകരണത്തിനുള്ള പദ്ധതി തയ്യാറാക്കി.
ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സൗരോർജമടക്കം ഉൽപ്പാദിപ്പിക്കുകയാണ് മിഷന്റെ മുഖ്യചുമതല. ഹരിതോർജ പദ്ധതി നടപ്പാക്കാൻ വിഭവ സമാഹരണത്തിനുള്ള നടപടി സ്വീകരിക്കും. കാർഷിക, മത്സ്യവിഭവങ്ങളുടെ മൂല്യവർധന സംരംഭവും നടപ്പാക്കും. കര, ജല ഗതാഗത വാഹനങ്ങൾ ഘട്ടമായി വൈദ്യുതി ഊർജമാക്കാൻ ഇടപെടും. വൈദ്യുതി വാഹനം വാങ്ങുന്നവർക്ക് ധനസഹായം, ചാർജിങ് സ്റ്റേഷൻ സ്ഥാപിക്കാനുള്ള ഏകോപനം തുടങ്ങിയ ചുമതലയും മിഷൻ വഹിക്കും. ഈ മേഖലയിൽ കൂടുതൽ തൊഴിലവസരം സൃഷ്ടിക്കാനും ശ്രമിക്കും. കടലിൽ കാറ്റാടി യന്ത്രം സ്ഥാപിക്കാനുള്ള സാധ്യത പരിശോധിക്കും.
കെഎസ്ഇബി, അനെർട്ട്, എനർജി മാനേജ്മെന്റ് സെന്റർ, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് എന്നിവ ഹരിതോർജ മേഖലയിൽ നടത്തുന്ന പ്രവർത്തനങ്ങളുടെ ഏകോപന ചുമതല മിഷനായിരിക്കും. മിഷന് കീഴിൽ സംസ്ഥാന, ജില്ലാ സമിതികൾ രൂപീകരിക്കും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തമുള്ള സമിതിയുമുണ്ടാകും. മിഷൻ രൂപീകരണത്തിനുള്ള റിപ്പോർട്ട് സർക്കാരിന്റെ പരിഗണനയിലാണ്. അംഗീകാരം ലഭിക്കുന്നതോടെ മിഷൻ നിലവിൽ വരും.