തിരുവനന്തപുരം
കോവിഡ്- വാക്സിനേഷൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് പ്രവാസികളുടെ ബുദ്ധിമുട്ട് പരിഹരിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി വീണാ ജോർജ് കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യക്ക് കത്തെഴുതി. സർട്ടിഫിക്കറ്റിലെ പ്രശ്നം കാരണം വിദ്യാർഥികളും വിദേശത്ത് ജോലി ചെയ്യുന്നവരും ബുദ്ധിമുട്ടിലാണ്. വിവിധ രാജ്യങ്ങൾ സർട്ടിഫിക്കറ്റിൽ പല വിവരമാണ് ആവശ്യപ്പെടുന്നത്. സർട്ടിഫിക്കറ്റിൽ കോവിഷീൽഡ് ആസ്ട്രാസെനെക്ക/ഓക്സ്ഫഡ് നാമകരണവും ജനന തീയതിയും അടക്കം ഉൾപ്പെടുത്തി കോവിൻ പോർട്ടലിൽ ലഭ്യമാക്കണം. ഈ സർട്ടിഫിക്കറ്റിൽ വിവരം ചേർക്കാനുള്ള “എഡിറ്റ് ഓപ്ഷൻ’ സംസ്ഥാനതലത്തിൽ നൽകണമെന്നും മന്ത്രി കത്തിൽ അഭ്യർഥിച്ചു.
വാക്സിൻ സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നമ്പരും ഓക്സ്ഫഡ്/ ആസ്ട്രാസെനെക്ക (കോവിഷീൽഡ്) എന്നും രേഖപ്പെടുത്താൻ ചില രാജ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള സൗകര്യം കോവിൻ പോർട്ടലിൽ നേരത്തേ ഇല്ലായിരുന്നു. വാക്സിൻ രണ്ട് ഡോസിനിടയിലുള്ള കാലയളവ് കൂടുതലായതും പ്രവാസികളെ ബാധിച്ചിരുന്നു. ബുദ്ധിമുട്ട് പരിഹരിക്കാൻ വിദേശത്തേക്ക് പോകുന്നവർക്ക് മെയ് 21 മുതൽ സംസ്ഥാനം വാക്സിനേഷൻ സർട്ടിഫിക്കറ്റ് നൽകിയിരുന്നു. പിന്നീട് കേന്ദ്ര സർക്കാർ ഇതേ വ്യവസ്ഥ സ്വീകരിച്ച് ചില മാറ്റം കോവിൻ പോർട്ടലിൽ ഉൾപ്പെടുത്തി. ഈ കാലയളവിൽ ചേർക്കാൻ കഴിയാത്ത വിവരംകൂടി രേഖപ്പെടുത്താൻ പോർട്ടലിൽ സൗകര്യമൊരുക്കണമെന്നും മന്ത്രി പറഞ്ഞു.