ചാലക്കുടി
കൊരട്ടിയിൽ സമാന്തര ടെലഫോൺ എക്സ്ചേഞ്ച് പ്രവർത്തിപ്പിച്ച മൂന്നംഗ സംഘത്തെ പൊലീസ് പിടികൂടി. ഇലക്ട്രിക്കൽ ഷോപ്പിന്റെ മറവിലാണ് ടെലഫോൺ എക്സ്ചേഞ്ച് നടത്തിയിരുന്നത്. ചാലക്കുടി ഡിവൈഎസ്പി സി ആർ സന്തോഷ് നടത്തിയ അന്വേഷണത്തിലാണ് എക്സ്ചേഞ്ച് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് കൊരട്ടിയിൽ വാടകയ്ക്ക് താമസിക്കുന്ന ആളൂർ വീട്ടിൽ ഹക്കീം(32), അങ്കമാലി പാറേക്കാരൻ നിതിൻ(32), മലപ്പുറം മഞ്ചേരി വള്ളിക്കപ്പറ്റ ഇർഷാദ്(28) എന്നിവരെ കൊരട്ടി പൊലീസ് അറസ്റ്റുചെയ്തു.
വിദേശത്തുനിന്നും ചെലവ് കുറച്ച് ഫോൺ കോളുകൾ വിളിക്കാനുള്ള നിയമവിരുദ്ധ സംവിധാനമാണ് സമാന്തര എക്സ്ചേഞ്ച് എന്ന് പൊലീസ് പറഞ്ഞു. ഇങ്ങനെയുള്ള കോളുകൾ വരുമ്പോൾ നമ്പറുകൾ ചുരുക്കം മാത്രമേ കാണൂ. തിരിച്ചുവിളിച്ചാൽ കിട്ടുകയുമില്ല. ചാലക്കുടി ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യ വിവരമനുസരിച്ചായിരുന്നു അന്വേഷണം. അങ്കമാലി, അത്താണി, പച്ചാളം തുടങ്ങി ആറിടത്തായിരുന്നു പ്രവർത്തനം.
ആരാണ് ഫോൺ വിളികളുടെ ഉപഭോക്താക്കളെന്ന് കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം. കള്ളക്കടത്ത് സംഘങ്ങൾ ഇത് മറയാക്കി ആശയവിനിമയം നടത്തിയിരുന്നോ എന്നും അന്വേഷിച്ചുവരികയാണ്. സമാന്തര ടെലഫോൺ എക്സ്ചേഞ്ചിന്റെ പ്രവർത്തനം നിയന്ത്രിച്ചിരുന്നത് വിദേശ രാജ്യങ്ങളിൽ നിന്നാണ്. വഴികൾ കണക്ടുചെയ്യുന്ന ജോലിയാണ് അറസ്റ്റിലായ മൂന്നുപേരും ചെയ്തിരുന്നതെന്നും പൊലീസ് പറഞ്ഞു. പ്രതികൾ ഉപയോഗിച്ചിരുന്ന നൂറിലധികം വിവിധ കമ്പനികളുടെ സിം കാർഡുകളും വിദേശ നിർമിത അതിനൂതന ഇലക്ട്രോണിക്സ് ഉപകരണങ്ങളും വിവിധ സ്ഥലങ്ങളിൽ നിന്നും പ്രതികളുടെ വീടുകളിൽ നിന്നും പിടിച്ചെടുത്തു.