തിരുവനന്തപുരം
തീരദേശ മനുഷ്യരേയും പ്രകൃതിയേയും സംരക്ഷിക്കാൻ റീബിൽഡ് കേരളയിൽ പദ്ധതി. ലോകബാങ്ക് സഹായത്തോടെ റീബിൽഡ് കേരള ഇനീഷ്യേറ്റീവിന്റെ(ആർകെഐ) മൂന്നാംഘട്ടമായി പദ്ധതി നടപ്പാക്കാനാണ് ആലോചന. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ആർകെഐ ഉന്നതതല യോഗത്തിൽ വിശദമായ നിർദേശം കൺട്രി ഡയറക്ടർ ജുനൈദ് മുഹമ്മദ് ഉൾപ്പെടെയുള്ള ലോകബാങ്ക് പ്രതിനിധികൾക്ക് സമർപ്പിച്ചു. പദ്ധതിക്ക് ലോകബാങ്കിന്റെ സാങ്കേതിക, സാമ്പത്തിക സഹായം മുഖ്യമന്ത്രി അഭ്യർഥിച്ചു. അനുകൂല തീരുമാനമുണ്ടായാൽ ആഗസ്ത് അവസാനത്തോടെ പ്രാഥമിക നടപടിയിലേക്ക് കടക്കും. തീരമേഖലയെ സംരക്ഷിക്കാനുള്ള സർക്കാരിന്റെ പ്രഖ്യാപിത നയത്തിന്റെ ഭാഗമാണിത്.
590 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് കേരളത്തിന്റെ കടൽത്തീരം. 11.03 ലക്ഷം പേർ ഈ പ്രദേശത്തെ ആശ്രയിക്കുന്നു. ഇതിൽ 19,000പേർ കടലിൽനിന്ന് 50 മീറ്റർ മാത്രം അകലത്തിൽ ജീവിക്കുന്നവരാണ്. കാലവർഷം ശക്തിപ്പെടുമ്പോൾ കടലാക്രമണം രൂക്ഷമാണ്. കടൽഭിത്തി, പുലിമുട്ട് ഉൾപ്പെടെയുള്ള പദ്ധതി നിലവിൽ നടപ്പാക്കുന്നുണ്ട്.
പദ്ധതികൾ രണ്ട്
● കോസ്റ്റൽ പ്രൊട്ടക്ഷൻ പദ്ധതി: രൂക്ഷമായ കടലാക്രമണമുള്ളയിടങ്ങളിൽ കടൽഭിത്തി, തീരദേശ മാനേജ്മെന്റ് പദ്ധതി, ജൈവവൈവിധ്യ വനവൽക്കരണം, കടൽപാറ, പുറ്റ് എന്നിവയിൽനിന്ന് സംരക്ഷണം.
● കമ്യൂണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാം: ആധുനിക സംവിധാനത്തിലൂടെ മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാർഗം ശക്തിപ്പെടുത്തുക, മത്സ്യബന്ധന തുറമുഖങ്ങളുടെ ആധുനികവൽക്കരണം, തീരദേശ റോഡ് വികസനം തുടങ്ങിയവ.