തൃശ്ശൂർ > എഴുത്തുകാരനും ഗ്രീൻബുക്സ് എം ഡിയുമായ കൃഷ്ണദാസ് (ആർ വത്സൻ-) അന്തരിച്ചു. 70 വയസായിരുന്നു. അസുഖബാധിതനായി തൃശൂർ അമല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തൃശൂർ ഏങ്ങണ്ടിയൂർ പള്ളിത്താഴത്ത് വീട്ടിൽ രാഘവൻ വൈദ്യരുടെയും ഭവാനിയുടെയും മകനാണ്. അയ്യന്തോളിലെ വസതിയിലായിരുന്നു അന്ത്യം.
പത്രപ്രവർത്തകൻ, എഴുത്തുകാരൻ, പ്രസാധകൻ എന്നീ നിലകളിൽ ശ്രദ്ധ നേടി. യുഎഇയിലെ ആദ്യകാല ദിനപ്പത്രമായ റോയിറ്റേഴ്സ് ബുള്ളറ്റിനിൽ പ്രവർത്തിച്ചിരുന്നു. പിന്നീട് അബുദാബിയിലെ ഹോങ്കോങ് ബാങ്കിൽ ദീർഘകാലം ഉദ്യോഗസ്ഥനായിരുന്നു. ദേശാഭിമാനി പത്രത്തിന്റെ മിഡിൽ ഈസ്റ്റ് കോളമെഴുത്തുകാരനായി ഗൾഫിലെ ജീവിതത്തെക്കുറിച്ച് ധാരാളം എഴുതി. ഗൾഫ് യുദ്ധകാലത്ത് ദുബായിൽനിന്ന് ദേശാഭിമാനിക്കുവേണ്ടി തുടർച്ചയായി വാർത്തകൾ എഴുതിയിരുന്നു.
അബുദാബിയിലെ മലയാളികളുടെ സംഘടനയായ അബുദാബി ശക്തി തീയേറ്റേഴ്സിന്റെ മുഖ്യ സംഘാടകനായിരുന്നു. പത്തേമാരിയിൽ കയറി നാടുവിട്ട മലയാളികളുടെ കഥപറയുന്ന ദുബായ് പുഴ, പ്രശസ്തി നേടിക്കൊടുത്ത നോവലായ ഇരുട്ടിൽ ഉറങ്ങാതിരിക്കുന്നു, കടലിരമ്പങ്ങൾ, മരുഭൂമിയുടെ ജാലകങ്ങൾ എന്നിവയാണ് കൃഷ്ണദാസിന്റെ കൃതികൾ. 1998-ൽ ഹോങ്കോങ് ബാങ്കിൽ നിന്നും വിരമിച്ച് നാട്ടിലേക്ക് മടങ്ങിയതിന് ശേഷമാണ് തൃശൂർ ആസ്ഥനമായി ഗ്രീൻ ബുക്ക്സ് ആരംഭിച്ചത്. ഗ്രീൻ ബുക്സിന്റെ പ്രസിദ്ധീകരണ ചരിത്രത്തിലെ നാഴികക്കല്ല് എന്നു പറയാവുന്നത് ബെന്യാമിന്റെ “ആടു ജീവിത’ത്തിന്റെ പ്രകാശനമാണ്. പ്രസാധന രംഗത്ത് ചരിതം സൃഷ്ടിച്ച കൃതിയുടെ രണ്ടുലക്ഷത്തിലധികം കോപ്പികളാണ് വിറ്റുപോയത്.
സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പാറമേക്കാവ് ശാന്തിഘട്ടിൽ. ഭാര്യ: ഗിരിജ, മക്കൾ: ഡോ. നീതി (ജൂബിലി മിഷൻ മെഡിക്കൽ കോളേജ്,തൃശൂർ), ബിശ്വാസ്. മരുമകൻ. ഡോ. മിഥുൻ.