കായംകുളം: ഇന്ത്യൻ കാർട്ടൂണിന്റെ കുലപതി ശങ്കറിന്റെയും ആ കാലത്തിന്റയും ഓർമ്മകൾ രാജ്യത്തിനും കലയ്ക്കും സമൂഹത്തിനും എല്ലാ കാലത്തും മാർഗ്ഗദർശനമേകുമെന്ന് കവി സച്ചിദാനന്ദൻ.
കായംകുളത്ത് ജനിച്ച് ഇന്ത്യൻ കാർട്ടൂണിന്റെ ആചാര്യനായി വളർന്നയാളാണ് ശങ്കർ. അദ്ദേഹത്തിന്റെ ബ്രഷിന്റെ വരയിൽ തെളിയുന്നത് ഒരഭിമാനമായി പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു ഉൾപ്പെടെയുള്ള വലിയ നേതാക്കൾ കരുതിയിരുന്നു- സച്ചിദാനന്ദൻ പറഞ്ഞു. കാർട്ടൂണിസ്റ്റ് ശങ്കറിന്റെ ജന്മദിനമായ ജൂലൈ 31ന് കായംകുളം ശങ്കർ മ്യൂസിയത്തിൽ നടന്ന അനുസ്മരണ ചടങ്ങിൽ ഓൺലൈനിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം കാർട്ടൂണിസ്റ്റുകളുടെ മാതൃഭൂമിയാണെന്ന് പറയാം. ശങ്കേഴ്സ് വീക്കിലിയിലൂടെയാണ് രാജ്യത്ത് രണ്ട് പശസ്ത കാർട്ടൂണിസ്റ്റുകൾ ഉയർന്നു വന്നത്. കുട്ടിക്കാലം മുതലേ ശങ്കേഴ്സ് വീക്കിലിയുടെ ഒരു വായനക്കാരനായിരുന്നു ഞാനും- സച്ചിദാനന്ദൻ ഓർമ്മിച്ചു.
കേരളത്തിന് പുറത്ത് ജീവിക്കുന്ന മലയാളികൾ കേരളത്തിലെ കലയ്ക്കും സംസ്കാരത്തിനും നൽകിയ അഗണ്യമായ സംഭാവനകൾ ഇനിയും ആദരിക്കപ്പെട്ടിട്ടില്ല. എഴുത്തുകാരെ ആഘോഷിക്കാറുണ്ട്. പക്ഷേ മറ്റു മേഖലകളിൽ മറിച്ചാണ് സ്ഥിതി. ഈ സാഹചര്യത്തിൽ കാർട്ടൂണിസ്റ്റ് ശങ്കറെ കുറിച്ചുള്ള ജീവചരിത്രം ലളിതകലാ അക്കാദമി പ്രസിദ്ധീകരിച്ചത് അഭിനന്ദനാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള ലളിതകലാ അക്കാദമി, കേരള കാർട്ടൂൺ അക്കാദമിയുമായി സഹകരിച്ച് നടത്തിയ അനുസ്മരണ പരിപാടി ശങ്കറിന്റെ എഴുത്തുമേശയ്ക്ക് മുന്നിലെ അദ്ദേഹത്തിന്റെ ഛായാച്ചിത്രത്തിൽ പുഷ്പ്പാർച്ചനയോടെയാണ് ആരംഭിച്ചത്. തുടർന്നു നടന്ന അനുസ്മരണ ചടങ്ങിൽ കേരള ലളിതകലാ അക്കാദമി ചെയർമാൻ നേമം പുഷ്പരാജ് അദ്ധ്യക്ഷത വഹിച്ചു. ഉദ്ഘാടനം കേരള കാർട്ടൂൺ അക്കാദമി ചെയർമാൻ കെ. ഉണ്ണിക്കൃഷ്ണൻ നിർവ്വഹിച്ചു. ചടങ്ങിൽ ശങ്കറിന്റെ ജീവചരിത്രകാരനായ കാർട്ടൂണിസ്റ്റ് സുധീർനാഥ് മുഖ്യപ്രഭാഷണം നടത്തി. കേരള ലളിതകലാ അക്കാദമി വൈസ് ചെയർമാൻ എബി എൻ. ജോസഫ് ആശംസ അർപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ കാർട്ടൂൺ അക്കാദമി സെക്രട്ടറി അനൂപ് രാധാകൃഷ്ണൻ സ്വാഗതവും കേരള ലളിതകലാ അക്കാദമി സെക്രട്ടറി പി.വി. ബാലൻ കൃതജ്ഞതയും പറഞ്ഞു.
Content Highlights:poet sachidanandan remembers veteran cartoonist sankar on his birthday