കണ്ണീരും വിലാപങ്ങളും നടുക്കവും ബാക്കി. ആര് ആരെ ആശ്വസിപ്പിക്കും എന്നറിയാതെ വിങ്ങിപ്പൊട്ടിയ ഹൃദയങ്ങൾ അവളെ യാത്രയാക്കി. പയ്യാമ്പലത്ത് മാനസ എന്ന സങ്കടത്തെ അഗ്നിജ്വാലകൾ ഏറ്റുവാങ്ങി.
ദീർഘനാളത്തെ സ്റ്റാക്കിങ്ങിനൊടുവിലാണ്രാഖിൽ അവളെ ക്രൂരമായി കൊലപ്പെടുത്തുന്നത്.തോക്കിൽനിന്ന് തലയ്ക്കും നെഞ്ചിനു താഴെയും വെടിയേറ്റ് പിടഞ്ഞുവീണാണ് അവൾ മരിച്ചത്. തൊട്ടുപിന്നാലെ രാഖിലും ജീവിതം അവസാനിപ്പിച്ചു. ജോലിയെ കുറിച്ചും ജീവിതത്തെ കുറിച്ചുമെല്ലാം നിറമുള്ള സ്വപ്നങ്ങൾ കണ്ടിരുന്ന കുട്ടിയായിരുന്നിരിക്കണം മാനസ. ഏതാനും ദിവസങ്ങൾ കൂടി കഴിഞ്ഞാൽ, ദന്ത ഡോക്ടറായി സേവനം അനുഷ്ഠിക്കേണ്ടിയിരുന്നവൾ. എന്നാൽ രാഖിലിന്റെ ക്രിമിനൽ മനസ്സ് അവളും വീട്ടുകാരുമെല്ലാം കണ്ട സ്വപ്നങ്ങളെ ഒരു നിമിഷം കൊണ്ടാണ് ഛിന്നഭിന്നമാക്കിയത്.
പ്രണയാർഭ്യർഥന നിരസിച്ചാൽ, ബന്ധത്തിൽനിന്ന് പിന്മാറാൻ ഒരു പെൺകുട്ടി തീരുമാനിച്ചാൽ അവൾ തേപ്പുകാരി ആകുന്നതും അൽപംകൂടി കടന്ന് അവളെ അങ്ങ് കൊന്നു കളഞ്ഞേക്കാമെന്ന് തീരുമാനിക്കുന്നതും എന്തുകൊണ്ടാണ്? ഒരു പുരുഷൻ തന്നെ സ്നേഹിക്കുന്നു എന്ന ഒരൊറ്റക്കാരണം കൊണ്ട്, ഇഷ്ടമില്ലായ്മകളും വിയോജിപ്പുകളും ഉണ്ടെങ്കിലും ആ ബന്ധത്തിൽ സ്ത്രീ തുടരേണ്ടതുണ്ടോ? എന്തുകൊണ്ടാണ് വേണ്ടെന്നു വെക്കലുകളും പിന്മാറ്റവും ബന്ധങ്ങളുടെ കാര്യങ്ങളിൽ മഹാപാതകങ്ങളാകുന്നത്. ചോദ്യങ്ങൾ നിരവധിയാണ്. ഉത്തരത്തിന്റെ ഭാഗം ശൂന്യവും.
ആലപ്പുഴയിലെ പോലീസുകാരിയായ സൗമ്യ, തൃശ്ശൂരിൽ അച്ഛനും അമ്മയും ഇല്ലാതെ മുത്തശ്ശിക്കൊപ്പം കഴിഞ്ഞിരുന്ന എൻജിനീയറിങ് വിദ്യാർഥിനി നീതു, മലക്കപ്പാറയിൽ കാറിനുള്ളിൽ കൊല്ലപ്പെട്ട എറണാകുളത്തെ പതിനേഴുകാരി, പെരിന്തൽമണ്ണ ഏളാട് കുത്തേറ്റു മരിച്ച ദൃശ്യ, ഒന്നരക്കൊല്ലം മുമ്പ് കാക്കനാട് അത്താണിയിൽ അച്ഛനമ്മമാരുടെ മുന്നിൽ വെച്ച് തീയിട്ടു കൊന്ന ദേവിക… ഒടുവിലിതാ മാനസയും. പ്രണയനിരാസത്തിന് ശിക്ഷ മരണമെന്ന കാടൻനീതി അവസാനിപ്പിച്ചു കളഞ്ഞ പെൺജീവിതങ്ങളുടെ പട്ടിക നീണ്ടുകൊണ്ടേയിരിക്കുകയാണ്. പൂർണവിരാമമില്ലാതെ.
58 കൊല്ലം മുൻപ്, പ്രണയനൈരാശ്യത്തിന്റെ പക തീർക്കാൻ യുവതിയെയും ഭർത്താവിനെയും കൊച്ചിയിൽനിന്ന് മുംബെയിലെത്തി വെടിവെച്ചു കൊന്ന സംഭവത്തെ കുറിച്ചുള്ള വാർത്ത ഇന്ന് മാതൃഭൂമി പത്രത്തിലുണ്ട്. മാനസയുടെ മരണവാർത്ത കേട്ടപ്പോൾ 1963-ൽ നടന്ന സമാനസംഭവം ഓർത്തെടുത്തത് ഹൈക്കോടതിയിലെ മുൻ സ്പെഷ്യൽ ഗവ. പ്ലീഡറായ അഡ്വ. കെ.വി. പ്രകാശാണ്.
കച്ചേരിപ്പടിയിലെ കലങ്ങോട്ട് എന്ന വീട്ടിൽ താമസിച്ചിരുന്ന പ്രകാശിന്റെ തൊട്ടയൽപക്കത്തായിരുന്നു കൊല്ലപ്പെട്ട ഏറ്റി എന്ന പെൺകുട്ടി താമസിച്ചിരുന്നത്. ഏറ്റി സെയ്ന്റ് തെരേസാസ് കോളേജിൽ ബിരുദ വിദ്യാർത്ഥിനിയായിരുന്നു. നഗരമധ്യത്തിൽത്തന്നെ താമസിച്ചിരുന്ന ഒരു യുവാവിന് അവളോട് പ്രണയം തോന്നി. പലതവണ യുവാവ് ഏറ്റിയോട് പ്രണയാഭ്യർത്ഥന നടത്തിയിരുന്നുവെന്നാണ് പറയുന്നത്. ഏറ്റിയെ കാണാനായി യുവാവ് അവളുടെ വീടിനടുത്തുള്ള മദ്രാസ് കഫേ എന്ന ഹോട്ടലിൽ വന്ന് മുറിയെടുത്ത് താമസിക്കുമായിരുന്നു. മദ്രാസ് കഫേയിലെ പടിഞ്ഞാറു ഭാഗത്തെ മുറിയിൽ നിന്നാൽ ഏറ്റിയുടെ വീട് കാണാം. അതുകൊണ്ടാണ് യുവാവ് ആഭാഗത്തുള്ള മുറി ആവശ്യപ്പെട്ടിരുന്നത്. പ്രണയാഭ്യർത്ഥന നിരസിച്ച ഏറ്റി വിവാഹം കഴിഞ്ഞ് മുംബൈയിലേക്ക് പോയപ്പോൾ എല്ലാം അവസാനിച്ചെന്നു കരുതി. എന്നാൽ, ഉള്ളിലെ പക അണയാതെ സൂക്ഷിച്ച ആ യുവാവ് കൊച്ചിയിൽ നിന്ന് മുംബൈയിലെത്തി. ഏറ്റിയെയും ഭർത്താവിനെയും വെടിവെച്ചു കൊന്ന് സ്വയം വെടിവെച്ചു മരിക്കുകയായിരുന്നു.
പ്രണയനിരാസത്തിൽ ജീവൻ നഷ്ടപ്പെടുന്നവരിൽ ഏറെയും പെൺകുട്ടികളാകയാൽ, ചോദ്യത്തിന്റെ മുന പുരുഷന്മാരിലേക്കാണ് നീളുന്നത്. ഒരു പെൺകുട്ടി നിങ്ങളുടെ പ്രണയാഭ്യർഥനനിരസിച്ചാൽ അത് സ്വീകരിക്കാൻ ഉള്ള പാകത കൂടി ആൺകുട്ടികളെ നമ്മൾ പറഞ്ഞു പഠിപ്പിക്കേണ്ടതുണ്ട്. ഇഷ്ടം നിരസിക്കുന്നത് ആത്മാഭിമാനത്തെ മുറിപ്പെടുത്തില്ല എന്നും ആണിന് ഇഷ്ടംതോന്നിയാൽ തിരിച്ച് പെണ്ണ് സ്നേഹിക്കണമെന്ന്വാശി പിടിക്കാൻ പാടില്ലെന്നും ആൺകുട്ടികളെ നാം പഠിപ്പിക്കേണ്ടതുണ്ട്.
പെൺകുട്ടികൾപ്രണയാഭ്യർഥനനിരസിച്ചതിന്റെ പേരിൽ നടന്ന ക്രൂരതകളുടെഒടുവിലത്തെ ഇരയാണ്മാനസ.
ഇനി മാനസമാർ ഉണ്ടാകാതിരിക്കട്ടെ. അവളുടേതാകട്ടെ ആ പട്ടികയിലെ അവസാനത്തെ പേര്. ജീവിക്കാനുള്ള ഒരു പെൺകുട്ടിയുടെ അവകാശം ഏതെങ്കിലും പുഴുവരിച്ച മനസ്സിന്റെ താളംതെറ്റലിൽ ചിതറിത്തെറിക്കാതിരിക്കട്ടെ.
പ്രണയവും സൗഹൃദവും വേണ്ട എന്ന് തോന്നിടത്ത് നിർത്താനും അവസാനിപ്പിക്കാനും കഴിയേണ്ട യാത്രയാണ്. അല്ലെങ്കിൽ ഒരു ബസ്സിലെ ഒരുമിച്ചുള്ള യാത്ര അവസാനിപ്പിച്ച് മറ്റൊരു ബസ്സിൽ തനിച്ചോ മറ്റാർക്കോ ഒപ്പം യാത്ര ചെയ്യേണ്ടതാണ് ജീവിതം. ആ സ്വാതന്ത്ര്യം പ്രണയത്തിനും സൗഹൃദത്തിനും ഉണ്ടാവണം. സ്വയം ശിക്ഷിക്കുകയോ എതിരാളിയെ ശിക്ഷിക്കാനുള്ള ലൈസൻസല്ല പ്രണയവും സൗഹൃദവും. ആ ബോധവും പുതിയ തലമുറയിലെ കുട്ടികളിലേക്ക് പകർന്ന് നൽകാൻ സമൂഹത്തിനാവണം
content highlights:manasa murder case