കൊച്ചി > നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായെന്ന് സ്ഥലംമാറി പോകുന്ന കസ്റ്റംസ് കമീഷണർ സുമിത്കുമാർ. എന്നാൽ, ഇടപെട്ടത് ആരെന്ന് വെളിപ്പെടുത്തിയില്ല. ശനിയാഴ്ച കൊച്ചിയിലെ ചുമതല ഒഴിഞ്ഞ് പോകുന്നതിനുമുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസ് വഴിതിരിക്കാൻ രാഷ്ട്രീയ ഇടപെടൽ ഉണ്ടായെന്ന എൽഡിഎഫ് ആരോപണം നിലനിൽക്കെയാണ് സുമിത്കുമാറിന്റെ വെളിപ്പെടുത്തൽ. സ്വർണക്കടത്ത് കേസിൽ ചില ഇടപെടലും സ്വാധീനിക്കാനുള്ള ശ്രമവുമുണ്ടായി എന്നാണ് സുമിത്കുമാർ പറഞ്ഞത്. എല്ലാ സംസ്ഥാനത്തും അത് ഉണ്ടാകുന്നതാണെന്നും കൂട്ടിച്ചേർത്തു. അന്വേഷണത്തിനിടെ പലപ്പോഴും സർക്കാരിനും എൽഡിഎഫിനുമെതിരെ പരസ്യമായി പ്രതികരിച്ച സുമിത്കുമാർ ഇടപെട്ട രാഷ്ട്രീയ പാർടി ഏതെന്ന് വെളിപ്പെടുത്താത്തത് ദുരൂഹമാണ്. നിയമസഭയെ അവഹേളിച്ചതിന് അവകാശലംഘനത്തിന് നോട്ടീസ് നൽകിയതിലും സഞ്ചരിച്ച കാറിനെ പിന്തുടർന്നെന്ന കേസിലും സർക്കാരിനെതിരെ സുമിത്കുമാർ പ്രതികരിച്ചിരുന്നു. മാധ്യമങ്ങൾ ഇത് ഉപയോഗിച്ചു. സർക്കാരുമായി കൊമ്പുകോർക്കാൻ മടിച്ചിട്ടില്ലാത്ത സുമിത്കുമാർ, കേസിൽ ഇടപെട്ടതാരെന്ന് വെളിപ്പെടുത്താത്തത് മറ്റാരെയോ രക്ഷിക്കാനാണെന്ന് വ്യക്തം.
ബിജെപിയുമായി അടുത്തബന്ധം പുലർത്തുന്ന സുമിത്കുമാർ, തന്റെ സാമൂഹ്യമാധ്യമ പേജിലും അത് പങ്കുവയ്ക്കാറുണ്ട്. സ്വർണക്കടത്ത് കേസ് അന്വേഷണം ആദ്യഘട്ടത്തിൽ ബിജെപി ബന്ധമുള്ള ചിലരിലേക്ക് എത്തിയിരുന്നു. അറസ്റ്റിലായ സന്ദീപ് നായർ ഉന്നത ബിജെപി ബന്ധമുള്ള ആളായിരുന്നു. ബിജെപി അനുകൂല കസ്റ്റംസ് ക്ലിയറൻസ് ഏജന്റുമാരുടെ സംഘടനാനേതാവ്, ജനം ടിവി കോ–-ഓർഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാർ എന്നിവരെ ചോദ്യം ചെയ്തു. തുടർന്ന് അന്വേഷണത്തിൽ കേന്ദ്ര ബിജെപി നേതൃത്വത്തിന്റെ ശക്തമായ ഇടപെടലുണ്ടായി. മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ തെളിവുണ്ടാക്കാൻ കസ്റ്റംസ് ശ്രമിച്ചു. ഇതിൽ സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണത്തിനെതിരെയും സുമിത്കുമാർ പ്രതികരിച്ചു. കേന്ദ്രം കസ്റ്റംസിനെ ഉപയോഗിച്ചെന്നത് അസംബന്ധമാണെന്നും ജുഡീഷ്യൽ അന്വേഷണം വിഡ്ഢിത്തമാണെന്നുമായിരുന്നു പ്രതികരണം.