തൃശൂർ> കുതിരാനിലെ ഇരട്ടക്കുഴൽ തുരങ്കപാതയിൽ ഒന്ന് പ്രഖ്യാപിച്ചതിലും ഒരുദിവസം മുന്നേ തുറന്നത് എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയിൽ. ചരക്ക് നീക്കത്തിന്റെ പുത്തൻ ഇടനാഴിയായി തുരങ്കം മാറും. രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറിയശേഷമുള്ള നിതാന്തജാഗ്രതയാണ് ശനിയാഴ്ച വൈകിട്ട് ഫലം കണ്ടത്.
ജൂൺ ആറിന് മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, കെ രാജൻ, ആർ ബിന്ദു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കുതിരാൻ സന്ദർശിച്ച് നിലവിലെ സ്ഥിതി വിലയിരുത്തിയിരുത്തി. മന്ത്രി കെ രാധാകൃഷ്ണനും ഇടപ്പെട്ടു. തുടർന്ന് എട്ടിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം തിരുവനന്തപുരത്ത് ചേർന്നു. ആഗസ്റ്റ് ഒന്നിനകം തുരങ്കം തുറക്കണമെന്ന് കരാർ കമ്പനിക്ക് നിർദേശം നൽകി. എല്ലാ ആഴ്ചയിലും അവലോകന യോഗം ചേർന്ന് നിർമാണം വിലയിരുത്തി. രണ്ടുതവണകൂടി മന്ത്രി പി എ മുഹമ്മദ് റിയാസ് കുതിരാനിലെത്തി.
മന്ത്രി കെ രാജനും കലക്ടർമാരായ എസ് ഷാനവാസും ഹരിത വി കുമാറും നിർമാണ പുരോഗതി വിലയിരുത്താൻ കുതിരാനിലെത്തിയിരുന്നു. സർക്കാർ ഇടപ്പെടൽ ശക്തമായതോടെ കൂടുതൽ തൊഴിലാളികളെ എത്തിച്ച് 24 മണിക്കൂറും പണി നടത്തി. പ്രതികൂല കാലാവസ്ഥയിൽ നിർമാണം നിലയ്ക്കാതിരിക്കാൻ എറണാകുളത്ത് നിന്ന് കൂറ്റൻ ക്രയിനും എത്തിച്ചു. തുരങ്കത്തിലേക്ക് വൈദ്യുതി എത്തിക്കുന്നതിനും ഫയർഫോഴ്സ് പരിശോധന പൂർത്തിയാക്കുന്നതിനും ശക്തമായ ഇടപെടലുണ്ടായി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മന്ത്രിമാരായ ജി സുധാകരൻ, എ സി മൊയ്തീൻ, വി എസ് സുനിൽകുമാർ, സി രവീന്ദ്രനാഥ് എന്നിവരും നിരന്തരം ഇടപ്പെട്ടിരുന്നു.
മണ്ണുത്തി ദേശീയപാത കുതിരാനിൽ 2014ലാണ് തുരങ്ക നിർമാണം ആരംഭിച്ചത്. ഒരു വർഷം കൊണ്ട് നിർമാണം പൂർത്തീകരിക്കുമെന്നാണ് പറഞ്ഞിരുന്നെങ്കിലും അഞ്ച് വർഷം പിന്നിട്ടു. ആദ്യഘട്ടത്തിൽ പ്രഗതി കമ്പനിയാണ് ഉപകരാറെടുത്ത് നിർമാണം ആരംഭിച്ചത്. സാമ്പത്തിക തർക്കത്തെതുടർന്ന് ഒഴിവാക്കി ദേശീയപാത കരാറെടുത്തിരിക്കുന്ന കെഎംസി തന്നെയാണ് പ്രവൃത്തികൾ പൂർത്തീകരിച്ചത്.
ദക്ഷിണേന്ത്യയിലെ ഏക ഇരട്ടക്കുഴൽ തുരങ്കം
തൃശൂർ> ദക്ഷിണേന്ത്യയിൽ ദേശീയപാതയിലെ ഏക ഇരട്ടക്കുഴൽ തുരങ്കമാണ് കുതിരാനിലേത്. 970 മീറ്ററാണ് തുരങ്കത്തിന്റെ നീളം. 14 മീറ്ററാണ് വീതി. 10 മീറ്ററാണ് ഉയരം. തുരങ്കങ്ങൾ തമ്മിലുള്ള അകലം 24 മീറ്റർ. അകത്ത് രണ്ടു തുരങ്കങ്ങളെയും ബന്ധിപ്പിക്കുന്ന രണ്ട് ഇടനാഴികൾ. പാലക്കാട് ഭാഗത്തു നിന്നും പീച്ചി റിസർവോയറിന് മുകളിലെ പാലത്തിലൂടെയാണ് തുരങ്കത്തിലേക്ക് പ്രവേശിക്കുക.
പാലക്കാട് നിന്നും വരുന്ന വാഹനങ്ങളെ ഒന്നാമത്തെ തുരങ്കത്തിനകത്തുകൂടി കടത്തിവിടും. മൂന്നു കിലോമീറ്റർ നീളമുള്ള കുതിരാൻ മേഖല 965 മീറ്ററായി കുറയും. കെഎംസി നിയോഗിച്ച ഏജൻസി നടത്തിയ പഠനം അനുസരിച്ച് 20 കിലോമീറ്റർ വേഗത്തിൽ പോകുന്ന വാഹനം മൂന്ന് മിനിറ്റ് കൊണ്ട് തുരങ്കം കടന്നുപോകും. ഇതോടെ നീണ്ട ഗതാഗതക്കുരുക്കിന് പരിഹാരമാവും. 200 കോടിയാണ് പദ്ധതിച്ചെലവ്.
തുരങ്കത്തിന്റെ ഇരുഭാഗങ്ങളിലും ഉരുക്കു വല ഘടിപ്പിച്ച് ബലപ്പെടുത്തി അതിനുമുകളിൽ കോൺക്രീറ്റിട്ടിട്ടുണ്ട്. അഗ്നിശമനത്തിനും മറ്റാവശ്യങ്ങൾക്കുമായി വെള്ളം ലഭ്യമാക്കാൻ രണ്ട് ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്ക് നിർമിച്ചു. കാർബൺ ഡൈ ഓക്സൈഡിന്റെ അളവ്, ചൂട്, വെളിച്ചം എന്നിവ അളക്കുന്നതിനുള്ള സെൻസറുകൾ സ്ഥാപിച്ചു. 24 മണിക്കൂറും തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കാൻ ട്രാൻസ്ഫോർമർ സ്ഥാപിച്ചു. അടിയന്തര സാഹചര്യങ്ങളിൽ യാത്രക്കാർക്ക് ബന്ധപ്പെടാനുള്ള ടെലിഫോൺ കേബിളുകളും സുരക്ഷാ ക്യാമറകളും സ്ഥാപിച്ചു.
തുരങ്കത്തിനകത്തെ പ്രകാശസംവിധാനത്തിനായി 150 വാട്ട്സിന്റെ 1200 ലൈറ്റുകൾ രണ്ടു വരികളിലായി സ്ഥാപിച്ചിട്ടുണ്ട്. രാത്രിയും പകലും ഇത് ഓഫ് ചെയ്യില്ല. പകൽസമയത്ത് കിഴക്കു ഭാഗത്തു നിന്നും വാഹനങ്ങൾ പ്രവേശിക്കുമ്പോൾ പകൽ വെളിച്ചവുമായി പൊരുത്തപ്പെടുന്ന കാഴ്ച സാധ്യമാക്കാൻ ആദ്യത്തെ 50 മീറ്ററിൽ ഉയർന്ന പ്രകാശവും പിന്നീട് ക്രമാനുഗതമായി കുറയുകയും ചെയ്യുന്ന രീതിയാണ് സജ്ജമാക്കിയിട്ടുള്ളത്.