മഞ്ചേരി: ചെങ്കല്ല് കയറ്റിപ്പോകുന്ന വാഹനങ്ങൾ തടഞ്ഞ് അനാവശ്യമായി പിഴ ഇടാക്കുന്ന നടപടിക്കെതിരായ യുവാവിന്റെ വേറിട്ട പ്രതിഷേധം വൈറലാകുന്നു. ചെങ്കല്ല് ലോറി ഡ്രൈവറായ പുൽപ്പറ്റ സ്വദേശി വരുത്തക്കാടൻ റിയാസ് ആണ് കോവിഡ് കാലത്ത് പിഴയടച്ചതിന്റെ റസീപ്റ്റുകൾ കോർത്ത് മാലയാക്കി കഴുത്തിലണിഞ്ഞ് പ്രതിഷേധിച്ചത്. പതിനായിരം മുതൽ ഇരുന്നൂറ്റി അൻപത് രൂപവരെയുള്ള പിഴ ഈടാക്കിയതിന്റെ മുപ്പത്തഞ്ചോളം രസീതുകളാണ് ഇയാൾ കഴുത്തിലണിഞ്ഞത്.
ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ശ്രദ്ധയിലേക്ക്; ചെങ്കല്ല് വാഹന സർവീസിന് അനുമതി നൽകിയിട്ടും വഴിനീളെ ഉദ്യോഗസ്ഥർ നടത്തുന്ന അനാവശ്യ പരിശോധനമൂലം ബുദ്ധിമുട്ടിലായ ഒരു ഡ്രൈവറുടെ ജീവിക്കാൻ വേണ്ടിയുള്ള സമരം എന്നെഴുതിയ പ്ലക്കാർഡുമേന്തിയായിരുന്നു ഒറ്റയാൾ സമരം.
ഒരു നിലക്കും ജീവിക്കാൻ അനുവദിക്കില്ലെന്ന് റിയാസ്ആരോപിച്ചു. ജനാധിപത്യ ഭരണത്തിൽ ജനങ്ങളെ പിഴിഞ്ഞ് സർക്കാർ എന്തിനാണ് ഇങ്ങനെ പണം ഉണ്ടാക്കുന്നത്? ഒരു കല്ലും വണ്ടി ഓടിയിട്ട് ബില്ലില്ലെന്ന് പറഞ്ഞ് താൻ തന്നെ ഇരൂനൂറാൾക്കാർക്കുള്ള ശമ്പള പൈസ കൊടുത്തുവെന്നും റിയാസ് പറഞ്ഞു. ജീവിക്കാൻ അനുവദിക്കണമെന്നും അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യർഥിച്ചു.
ജീവിക്കാൻ വേണ്ടിയുള്ള സമരമാണെന്നും ഒരു നിലക്കും ഉദ്യോഗസ്ഥർ ജീവിക്കാൻ അനുവദിക്കുന്നില്ലെന്നും റിയാസ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ” ഈ ആഴ്ച നാല് ദിവസമാണ് ഓടിയത്. 1250 രൂപ പിഴ ചുമത്തി. പോലീസുകാരെക്കൊണ്ട് അത്ര ബുദ്ധിമുട്ടില്ല. ജിയോളജി, റവന്യൂ ആളുകളാണ് ബുദ്ധിമുട്ടിക്കുന്നത്. ആകെ നാന്നൂറ്, അഞ്ഞൂറ് രൂപയാണ് കൂലി കിട്ടുന്നത്. അതിൽ പിഴ കൊടുത്താൽ ജീവിക്കണ്ടേ?” -റിയാസ് പറഞ്ഞു.
കല്ല് വെട്ടാൻ അനുമതി കൊടുക്കുന്നുമില്ല, എന്നാൽ ക്വാറികൾ നടക്കുന്നുമുണ്ടെന്നും റിയാസ് ചൂണ്ടിക്കാട്ടി.നിയമലംഘനം നടത്തിയിട്ടല്ലേ പിഴ ചുമത്തുന്നതെന്ന ചോദ്യത്തിന് ചെത്തുകല്ല് കൊണ്ടുപോകുന്ന വണ്ടി പിടിക്കരുത് എന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞതുകൊണ്ടാണ് ഓടുന്നത് എന്നാണ് റിയാസ് മറുപടി നൽകിയത്. അല്ലെങ്കിൽ ക്വാറി വെട്ടാൻ അനുമതി കൊടുക്കരുത്. സൗദി അറേബ്യയിൽ പോയി വണ്ടി ഓടിച്ചിട്ട് ഇത്ര പ്രശ്നം ഉണ്ടായിട്ടില്ലെന്നും റിയാസ് പറഞ്ഞു.
Content Highlights: Protest of a driver from Malappuram viral on social media