കോതമംഗലം > കോതമംഗലത്ത് ഹൗസ് സർജൻസി വിദ്യാർഥിനിയായ കണ്ണൂർ സ്വദേശിനി മാനസയെ സുഹൃത്ത് രാഖിൽ വെടിവെച്ചുകൊന്നത് ഒരു മാസത്തെ തയ്യാറെടുപ്പിനുശേഷമാണെന്ന് സൂചന. ഉന്നത പൊലീസ് സംഘം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
പരിശോധനയില്ഡ മാനസയുടെ കൊലപാതകം ആസൂത്രിതമാണെന്ന സൂചനയാണ് ലഭിച്ചത്. മാനസ പഠിക്കുന്ന കോളേജിനും താമസ സ്ഥലത്തിനും 100 മീറ്റർ അകലെയുള്ള വീട് ജൂലൈ ആദ്യം രാഖിൽ വാടകയ്ക്കെടുത്തിരുന്നു. ഇതാണ് കരുതിക്കൂട്ടിയുള്ള കൊലപാതകമെന്ന് സൂചനയിലേക്ക് പൊലീസെത്താൻ കാരണം.
നെല്ലിക്കുഴിയിൽ പ്ലൈവുഡ് വ്യാപാരത്തിന് വന്നതാണന്നാണ് രാഖിൽ വീട്ടുടമസ്ഥൻ നൂറിദ്ദീനോട് പറഞ്ഞത്. കണ്ണൂർ സ്വദേശികളായ ഇരുവരും തമ്മിൽ നേരത്തെ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് സൂചന. രാഖിൽ മാനസയെ ശല്യം ചെയ്യുന്നതായി കണ്ണൂർ ഡിവൈഎസ്പി ഓഫീസിൽ മാനസയുടെ അച്ഛൻ പരാതി നൽകിയിരുന്നു. ഇരുവരെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി പ്രശ്നം ഒത്തുതീർപ്പാക്കുകയും ചെയ്തിരുന്നു. നെല്ലിക്കുഴിയിലെ ദന്തൽ കോളേജിന് സമീപമുള്ള വാടക വീട്ടിലാണ് മാനസയും സഹപാഠികളും താമസിച്ചിരുന്നത്. എസ് പി കെ കാർത്തിക്കിൻറെ നേതൃത്വത്തിൽ അന്വേഷണം ഊർജ്ജിതമാക്കി.